ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍.ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റണമെന്ന ആവശ്യമുയര്‍ന്നതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് മാറ്റേണ്ടതില്ലെന്ന് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അനുകൂല നിലപാടാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി.
സാമൂഹിക അകലം ഉറപ്പാക്കാന്‍ വോട്ടിങ് സമയം ഒരു മണിക്കൂര്‍ നീട്ടും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പ്. എല്ലാ ബൂത്തുകളിലും വി.വി പാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യമൊരുക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ചില പാര്‍ട്ടികള്‍ റാലികള്‍ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പ്രചാരണ റാലികള്‍ നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.