ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രതിപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പി യും നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും എന്നാല്‍ യോഗി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം സര്‍ക്കാര്‍ ജോലികളാണ് യുവാക്കള്‍ക്ക് നല്‍കിയതെന്നും മോദി പറഞ്ഞു.’തെരഞ്ഞെടുപ്പടുത്തപ്പോള്‍ പ്രതിപക്ഷം സര്‍ക്കാര്‍ ജോലികളുടെ കാര്യത്തില്‍ പുതിയവാഗ്ദാനങ്ങളുമായി എത്തിയിട്ടുണ്ട്.
എന്നാല്‍ ഇവര്‍ ഇവരുടെ മുന്‍ വാഗ്ദാനങ്ങളൊക്കെ പാലിച്ചിട്ടിട്ടുണ്ടോ? ബി.എസ്.പി യും സമാജ്!വാദി പാര്‍ട്ടിയും ഭരിച്ച കാലത്ത് പത്തുവര്‍ഷം കൊണ്ട് ആകെ രണ്ട് ലക്ഷം സര്‍ക്കാര്‍ ജോലികളാണ് യുവാക്കള്‍ക്ക് നല്‍കിയത്. എന്നാല്‍ യോഗി സര്‍ക്കാര്‍ വെറും അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം സര്‍ക്കാര്‍ ജോലികളാണ് യുവാക്കള്‍ക്ക് നല്‍കിയത്’ മോദി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പ്രഗ്യാരാജില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായാണ് നല്‍കുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയുമായിരുന്നെങ്കില്‍ വാക്സിന്‍ വില്‍പ്പന നടത്തുമായിരുന്നെന്നും മോദി കുറ്റപ്പെടുത്തി.
