അഞ്ചുവര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: പ്രധാനമന്ത്രി

Kerala

2047 ഓടെ വികസിത രാജ്യം
മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ശ്രമം തുടരുന്നു

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തറക്കല്ലിട്ട എല്ലാ പദ്ധതികള്‍ക്കും തന്‍റെ സര്‍ക്കാര്‍ തന്നെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും ഭരണതുടര്‍ച്ച പ്രഖ്യാപിച്ചുകൊണ്ട് മോദി പറഞ്ഞു.അടുത്ത ഓഗസ്റ്റ് 15നും വികസന നേട്ടം പങ്കുവെക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായായിരുന്നു പ്രധാനമന്ത്രി.
2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും. ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ ചില നിര്‍ദേശങ്ങളും മോദി മുന്നോട്ട് വച്ചു. രാജ്യം ഐക്യത്തോടെ മുന്നോട്ട് പോകണം. ‘മേയ്ഡ് ഇന്‍ ഇന്ത്യ’ ഉത്പന്നങ്ങള്‍ക്ക് ലോകത്തിന്‍റെ വിശ്വാസം നേടിയെടുക്കാന്‍ കഴിയണം.
രാജ്യത്തെ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന വികസനത്തിന് എല്ലാ വഴിയും തേടണം. രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും വികസനവും പ്രതീക്ഷയും നിറവേറ്റണമെന്നും മോദി പറഞ്ഞു.ചെങ്കോട്ട പ്രസംഗത്തില്‍ മണിപ്പൂരിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് മോദി ആവര്‍ത്തിച്ചു.മണിപ്പൂരില്‍ സമാധാനം വേണം. സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂര്‍ സമാധാന പാതയിലേക്ക് തിരികെവരുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് സമാധാനം പുന:സ്ഥാപിക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും മോദി വിശദമാക്കി. മണിപ്പൂരിലുണ്ടായത് ഹിംസാത്മ പ്രവര്‍ത്തനങ്ങളാണ്. പെണ്‍മക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേര്‍ക്ക് മണിപ്പൂരില്‍ ജീവന്‍ നഷ്ടമായി എന്നും പ്രധാനമന്ത്രി പറഞ്ഞു.ഭീകരാക്രമണങ്ങളുടെ കാലം കഴിഞ്ഞെന്നും രാജ്യം ഇപ്പോള്‍ സുരക്ഷ അനുഭവിക്കുന്നുവെന്നും പറഞ്ഞ മോദി പരമ്പരാഗത മേഖലയ്ക്ക് 15000 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.
ഇന്നലെരാവിലെ ഏഴരയോടെയാണ് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയത്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു തുടങ്ങിയത്. നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യന്‍ യുവതയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *