കൊച്ചി:ആലുവയില്‍ അഞ്ച് വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസഫാക് ആലം 10 ദിവസം പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
ഇത് കണക്കിലെടുത്ത എറണാകുളത്തെ പ്രത്യേക പോക്സോ കോടതി പ്രതിയെ ഈ മാസം 10വരെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
പ്രതിയുടെ ക്രമിനില്‍ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി അന്വേഷണ സംഘം വരും ദിവസങ്ങളില്‍ ബിഹാറില്‍ അടക്കം പോകും.
അസഫാക് ആലത്തിന്‍റെ തിരിച്ചറിയല്‍ പരേഡും ഇന്നലെ പൂര്‍ത്തിയായി. ആലുവ മാര്‍ക്കറ്റിലെ തൊഴിലാളി താജുദ്ദീന്‍, കുട്ടിയുമായി സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സന്തോഷ്, യാത്രക്കാരി സ്മിത എന്നിവര്‍ ആലുവ സബ്ജയിലിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടാണ് ആലുവയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. മനഃസാക്ഷിയെ നടുക്കിയ സംഭവത്തിനാണ് കേരളം പിന്നീട് സാക്ഷിയായത്.പ്രതി, അഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു. ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിലെ ചെളിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്ത്. മൃതദേഹം ഒടിച്ച് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു.കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സംശയം കുട്ടിയുടെ പിതാവടക്കം ഉന്നയിച്ചിട്ടുണ്ടെങ്കിലും അത്തരം കാര്യങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്