ഇടുക്കി: സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേല്‍നോട്ടസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന തുടങ്ങി. കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ രാകേഷ് കശ്യപ് അധ്യക്ഷനായ അഞ്ചംഗ സമതിയാണ് പരിശോധന നടത്തുന്നത്. കേരളത്തില്‍ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിംഗ്,ചീഫ് എന്‍ജിനീയര്‍ ആര്‍. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍. സുബ്രഹ്മണ്യന്‍ എന്നിവരുമാണ് അംഗങ്ങള്‍.
എല്ലാ വര്‍ഷവും ഡാമില്‍ പരിശോധന നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. പ്രധാന ഡാം, ബേബി ഡാം, സ്പില്‍ വേ, ഗാലറികള്‍ എന്നിവയ്ക്കൊപ്പം വള്ളക്കടവില്‍ നിന്ന് അണക്കെട്ടിലേക്കുള്ള റോഡും സമിതി പരിശോധിക്കും.
പരിശോധനക്ക് ശേഷം സമിതി കുമളിയില്‍ യോഗം ചേരും. അണക്കെട്ടില്‍ വിദഗ്ദ പരിശോധന നടത്തണമെന്ന ആവശ്യം കേരളം യോഗത്തില്‍ ഉന്നയിക്കും. 2023 മാര്‍ച്ചിലാണ് സമിതി അവസാനമായി അണക്കെട്ടില്‍ പരിശോധന നടത്തിയത്.