മുംബൈ: എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തെ എന്‍.ഡി.എയില്‍ ചേര്‍ത്തതില്‍ അതൃപ്തി പരസ്യമാക്കി ഷിന്‍ഡെ വിഭാഗം. അജിത്തിന്‍റെ വരവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്നും പദവികള്‍ നഷ്ടപ്പെടുമോയെന്ന് ആശങ്കയുണ്ടെന്നും ഷിന്‍ഡെ വിഭാഗം നേതാവ് സഞ്ജയ് ഷിര്‍സത് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നേതാക്കള്‍ക്കുള്ള ആശങ്കകള്‍ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. അവര്‍ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഞങ്ങള്‍ എല്ലാക്കാലത്തും എന്‍.സി.പിക്ക് എതിരായിരുന്നു. ഇപ്പോഴും ഞങ്ങള്‍ ശരദ് പവാറിനെ എതിര്‍ക്കുന്നു. മുന്‍പ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്തും സര്‍ക്കാരിനെ നയിച്ചിരുന്നത് പവാറായിരുന്നു.
എന്തായാലും എന്‍.സി.പി നേതാക്കള്‍ എത്തിയ സാഹചര്യത്തില്‍ ചില നേതാക്കള്‍ക്കുള്ള അതൃപ്തി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നടപടി സ്വീകരിക്കുമെന്ന് കരുതുന്നു സഞ്ജയ് ഷിര്‍സത് പറഞ്ഞു.
എന്‍.സി.പി വിമതര്‍ക്ക് ഒമ്പത് മന്ത്രിസ്ഥാനം നല്‍കിയതിലും ഷിന്‍ഡെ ക്യാമ്പിലെ ഒരു വിഭാഗം അസ്വസ്ഥരാണ്. മന്ത്രിസഭാ വികസനത്തില്‍ ഷിന്‍ഡെ വിഭാഗത്തിലെ ഒരാളെപ്പോലും ഉള്‍പ്പെടുത്തിയിരുന്നില്ല.
അതേസമയം എന്‍.സി.പിയില്‍ ശക്തി തെളിയിക്കുന്നതിന്‍റെ ഭാഗമായി അജിത് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ 30 എംഎല്‍എമാരെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെയുള്ള 53 പേരില്‍ 36 പേരുടെ പിന്തുണ കിട്ടായാല്‍ മാത്രമേ അയോഗ്യതാ ഭീഷണി മറികടക്കാന്‍ സാധിക്കുകയുള്ളു.