കോന്നി: ഒന്നരമാസം മുമ്ബുവരെ നിറഞ്ഞൊഴുകിയ അച്ചന്‍കോവിലാര്‍ പലയിടത്തും ഇടമുറിഞ്ഞു.
കഴിഞ്ഞ മേയ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇത്തവണ ഒരു ഡസനിലധികം വെള്ളപ്പൊക്കത്തിനാണ് അച്ചന്‍കോവിലാറുമായി ബന്ധപ്പെട്ടുണ്ടായത്. എന്നാല്‍ ജനുവരി ആദ്യവാരം തന്നെ നദിയില്‍ മണല്‍ തെളിഞ്ഞു തുടങ്ങിയതോടെ വേനലിന്റെ രൂക്ഷത തീരങ്ങളും അനുഭവിച്ചു തുടങ്ങി.
വേനലിന്റെ തുടക്കത്തില്‍ തന്നെ നദിയില്‍ നീരുറവ നഷ്ടപ്പെട്ടു തുടങ്ങിയത് വരാനിരിക്കുന്ന കൊടും വരള്‍ച്ചയുടെ സൂചനയായി കരുതാം. വനത്തില്‍ നിന്നും 90 തോടുകള്‍ ചേരുന്ന അച്ചന്‍കോവില്‍ നദിയുടെ മിക്ക കൈവഴികളും വരണ്ടുണങ്ങി.
മഴക്കാലത്ത് ഒഴുകിവന്ന മഴ വെള്ളം മുഴുവന്‍ വാര്‍ന്നുപോയ അവസ്ഥയിലാണ് അച്ചന്കോവിലാറ്. വനത്തിലെ ഒട്ടുമിക്ക തോടും വറ്റിയത് വന്യമൃഗങ്ങളെയും ബാധിക്കും. വെള്ളം തേടി ഇവ കാടിറങ്ങാനുള്ള സാധ്യതയും ഉണ്ട്. കിഴക്ക് പശുക്കിടാമേടില്‍ നിന്നുള്ള അച്ചന്‍കോവില്‍ നദി അച്ചന്‍കോവില്‍ ഗ്രാമത്തിനു താഴെ കല്ലാറുമായി കൂടി ചേര്‍ന്നാണ് കോന്നി മേഖലയില്‍ എത്തുന്നത്.കോന്നി കൊട്ടാരത്തില്‍ കടവ് മുതല്‍ ഉള്ള കുടിവെള്ള പദ്ധതികള്‍ക്കും ആറ്റിലെ ജലമാണ് ശരണം. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ അച്ചന് കോവില്‍ ഭാഗത്ത് ജലം പൂര്‍ണമായും വറ്റും. പിന്നീട് കല്ലാറിലെ ജലമാണ് അച്ചന്‍കോവില്‍ നദിയില്‍ എത്തുന്നത്. എല്ലാ കാലത്തും ജലം ലഭിക്കാന്‍ ഉള്ള ചെറുകിട പദ്ധതികള്‍ പോലും നിലവിലില്ല. വേനല്‍ അതിരൂക്ഷമായതോടെ അച്ചന്‍കോവില്‍ നദിയുടെ തീരത്തുള്ള കിണറുകളും ഇതര ജലസ്രോതസുകളും വറ്റി. ജലം വേഗത്തില്‍ മണ്ണിലേക്ക് വലിയുന്നതാണ് പ്രധാന പ്രതിസന്ധി.
മഴക്കാലത്ത് പാഴായിപ്പോകുന്ന വെള്ളം നിലനിര്‍ത്തുന്ന തരത്തിലുള്ള പദ്ധതികള്‍ ഗ്രാമങ്ങളില്‍ നടപ്പിലാക്കിയാല്‍ ഭൂഗ്രര്‍ഭ ജലം ഉയര്‍ന്നു നില്ക്കുന്നതിനു സഹായകമാകും. എന്നാല്‍ തദ്ദേശസ്ഥാപനങ്ങളടക്കം ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ തയാറാകുന്നില്ല. നദി വറ്റി വരളുന്നത് തീരവാസികളെ മാത്രമല്ല പടിഞ്ഞാറന്‍ മേഖലയിലെ കാര്‍ഷിക മേഖലയുടെ പതനത്തിനും കാരണമായി തീരും.