ന്യൂഡല്‍ഹി :കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം. ഉത്തരേന്ത്യയില്‍ പലയിടത്തും ട്രെയിനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബീഹാറില്‍ മൂന്ന് ട്രെയിനുകളും ബസ്സുകളും കത്തിച്ചു. നവാഡയില്‍ ബി.ജെ.പി ഓഫീസ് തല്ലിത്തകര്‍ത്തു. ഹരിയാനയില്‍ പോലീസ് വാഹനത്തിനു തീവച്ചു.ബീഹാറിലും ഹരിയാനയിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെയും പൊലീസ് സ്റ്റേഷന് നേരെയും ആക്രമണമുണ്ടായി. രാജസ്ഥാനിലെ ജയ്പൂരില്‍ അജ്മീര്‍ -ഡല്‍ഹി ദേശീയപാത സമരക്കാര്‍ ഉപരോധിച്ചു.തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ മധ്യപ്രദേശില്‍ വെച്ച് അക്രമണമുണ്ടായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട നിസാമുദീന്‍ എക്സ്പ്രസിന് നേരെയാണ് ഗ്വാളിയോര്‍ സ്റ്റേഷനില്‍ വെച്ച് അക്രമമുണ്ടായത്. കൂട്ടത്തോടെയെത്തിയ പ്രതിഷേധക്കാര്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. സെക്കന്‍റ് എസി, തേര്‍ഡ് എസി കമ്പാര്‍ട്ടുമെന്‍റുകളിലെ മിക്ക ഗ്ലാസുകളും തകര്‍ന്നു. സ്റ്റേഷനില്‍ വെച്ച് പൂര്‍ണമായും തകര്‍ന്ന ഗ്ലാസില്‍ താല്‍ക്കാലികമായി കാര്‍ഡ്ബോര്‍ഡ് വെച്ച് ട്രെയിന്‍ യാത്ര തുടരുകയാണ്.ട്രെയിനില്‍ നിരവധി മലയാളികളാണ് യാത്രചെയ്യുന്നത്. സ്ലീപ്പറിലും ജനറല്‍ കംപാര്‍ട്ടുമെന്‍റിലും യാത്ര ചെയ്യുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.ഇരുമ്പ് വടികളും മറ്റുമായി കൂട്ടത്തോടെ ഓടി വന്ന് ട്രെയിനിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.പ്ലാറ്റ് ഫോമിലും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി.