കൊല്ലം: 106ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി രാജ്യത്തിന്റെ മുഴുവന്‍ ആദരവ് നേടിയ തൃക്കരുവ പ്രാക്കുളം നമ്പാളിയഴികത്ത് തെക്കേതില്‍ ഭാഗീരഥിയമ്മ (107) അന്തരിച്ചു. ശാരീരിക അവശതകളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
രാജ്യം നാരീശക്തി പുരസ്കാരം നല്കി ഭാഗീരഥിയമ്മയെ ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റേഡിയോ പരിപാടിയായ മന് കീ ബാതിലൂടെ ഭാഗീരഥിയമ്മയെ പ്രശംസിക്കുകയും ചെയ്തിരുന്നു.
106ാം വയസില്‍ സംസ്ഥാന സാക്ഷരതാമിഷന്റെ നാലാതരം തുല്യത പരീക്ഷയെഴുതിയാണ് ഭാഗീരഥിയമ്മ വാര്‍ത്തകളില്‍ ഇടം നേടിയത്. 2019ല്‍ നടത്തിയ പരീക്ഷയില്‍ 275ല്‍ 205 മാര്‍ക്ക് വാങ്ങിയാണ് ഭാഗീരഥിയമ്മ വിജയിച്ചത്. സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും.ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാല്‍ ഒമ്പതാം വയസില്‍ ഭാഗീരഥിയമ്മയ്ക്ക് പഠനം നിര്‍ത്തേണ്ടി വന്നു. മുപ്പതുകളില്‍ വിധവയായതോടെ ആറു മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടി വന്നു. നാല് പെണ്മക്കളും രണ്ട് ആണ്മക്കളും 16 ചെറുമക്കളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശിയാണ് വിടവാങ്ങിയത്.