ബംഗളൂരു: കര്‍ണാടകയില്‍ ആരാധകരുടെ അക്രമങ്ങളും ബഹളങ്ങള്‍ക്കും പിന്നാലെ നടന്‍ കിച്ച സുദീപിന്‍റെ ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ‘കൊട്ടിഗൊബ്ബ 3’. ചിത്രം കാണാന്‍ തിയറ്ററുകള്‍ക്കു മുന്നില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ ആരാധകരുടെ നീണ്ട നിരയായിരുന്നു. എന്നാല്‍, ചില പ്രശ്നങ്ങള്‍ കാരണം ചിത്രം ഇന്നലെ റിലീസ് ചെയ്യപ്പെട്ടില്ല. ഇതിനെത്തുടര്‍ന്നു കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ അക്രമാസക്തരായിരുന്നു.
ചില ഗൂഢാലോചനകള്‍ കാരണമാണ് ചിത്രത്തിന്‍റെ റിലീസ് ഒരു ദിവസം മുടങ്ങിയതെന്നായിരുന്നു നിര്‍മാതാവ് ശൂരപ്പ ബാബുവിന്‍റെ പ്രതികരണം. ഈ സമയത്തു കിച്ച സുദീപ് ആരാധകര്‍ ചിത്രത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കൂടാതെ ചിത്രം ഇന്നു രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുമെന്നു വിഡിയോ സന്ദേശത്തിലൂടെ നിര്‍മാതാവ് ഉറപ്പ് നല്‍കി.
പിന്നാലെ കിച്ച സുദീപും അഭ്യര്‍ഥനകളുമായി രംഗത്തെത്തി. ‘കൊട്ടിഗൊബ്ബ 3’ റിലീസ് ചെയ്യാത്തതില്‍ താന്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നുവെന്നും എന്നാല്‍, സിനിമ കാണാന്‍ കഴിയാതിരുന്നതിന്‍റെ രോഷം തിയറ്ററുകളില്‍ തീര്‍ക്കരുതെന്നും ആരാധകരോടു സുദീപ് അഭ്യര്‍ഥിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തന്‍റെ ശ്രദ്ധയുണ്ടാവുമെന്നും സുദീപ് ട്വീറ്റ് ചെയ്!തു.