വാളയാറിലെ അമ്മയുടെ വിലാപം

Sports

ന്‍പത്തിരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് പെണ്‍മക്കളുടെ മാനം കവര്‍ന്ന് അവരെ കൊലചെയ്ത് കെട്ടിത്തൂക്കിയ സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ നടത്തുന്ന ധാര്‍മിക സമരം സ്വന്തം വീട്ടുമുറ്റത്തെത്തിയിരിക്കയാണ്. പൊലീസിന്റെ ഒത്താശയാല്‍ കേസിലെ മുഴുവന്‍ പ്രതികളും രക്ഷപ്പെട്ടത് യോഗി ആദിത്യനാഥിന്റെ യു പിയിലല്ല, പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലാണ്. മക്കളുടെ ഘാതകരെ ശിക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ വാതിലില്‍ മുട്ടിയിട്ടും സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്‍പില്‍ ധര്‍ണ നടത്തിയിട്ടും ഫലമില്ലാതായപ്പോഴാണ് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വീട്ടകം സമരകേന്ദ്രമാക്കി മാറ്റിയത്.

പതിമൂന്ന് വയസ്സുള്ള മൂത്തകുട്ടിയുടെ മരണത്തെ സംബന്ധിച്ച് പൊലീസ് കുറ്റമറ്റ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. രണ്ടുകുട്ടികളുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ ലൈംഗിക പീഡനം നടന്നുവെന്ന് വ്യക്തമാക്കപ്പെട്ടിട്ടും മറ്റ് തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളികളെ രക്ഷിക്കുന്ന അന്വേഷണരീതിയാണ് പൊലീസ് കൈക്കൊണ്ടത്. പീഡനങ്ങളെ സംബന്ധിച്ച് അന്വേഷിക്കാത്ത പൊലീസ് മരണം ആത്മഹത്യയായി ചിത്രീകരിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലെ അപാകതകളെ തുടര്‍ന്ന് വകുപ്പുതല നടപടികള്‍ക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റം നല്‍കി ആദരിക്കുന്ന നടപടിയാണ് സര്‍ക്കാര്‍പക്ഷത്തുനിന്ന് ഉണ്ടായത്.

പൊലീസ് നടപടികളില്‍ പാളിച്ചയുണ്ടായി എന്ന് ഹൈക്കോടതിയില്‍ പറഞ്ഞ സര്‍ക്കാര്‍, വിധി റദ്ദാക്കാനും പുനരന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കാനുമുള്ള ആത്മാര്‍ത്ഥ ശ്രമം നടത്തിയിട്ടില്ല. പ്രതികളും അവരെ സംരക്ഷിച്ചവരും രക്ഷപ്പെട്ടത് കേരളത്തിന് അപമാനകരമായ അവസ്ഥയാണ് സൃഷ്ടിച്ചത്. 2017 ജനുവരി 13ന് മൂത്തകുട്ടിയെയും മാര്‍ച്ച് 4ന് രണ്ടാമത്തെ കുട്ടിയെയും ഒറ്റമുറി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് മരണത്തിലും സംശയം പ്രകടിപ്പിച്ച മാതാപിതാക്കളെ നിശബ്ദരാക്കുന്ന രീതിയിലായിരുന്നു പൊലീസിന്റെ സമീപനം. പൊലീസ് കസ്റ്റഡിയിലെടുത്തവരെ സി പി എം പ്രാദേശിക നേതാക്കള്‍ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയായിരുന്നു.

തുടര്‍ച്ചയായുള്ള ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടും നിര്‍ലജ്ജം പ്രതികളെ സംരക്ഷിക്കാനും അത് ആത്മഹത്യകളാക്കി ചിത്രീകരിക്കാനും സി പി എം പൊലീസില്‍ നടത്തിയ സമ്മര്‍ദ്ദമാണ് കേസ് അട്ടിമറിക്കപ്പെടാനും പ്രതികളെ കുറ്റവിമുക്തരാക്കാനും ഇടയാക്കിയത്. 2019 ഒക്‌ടോബര്‍ 25നാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി പ്രതികളെ വെറുതെവിട്ട വിധിപ്രസ്താവം നടത്തിയത്. വിധിക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. പ്രതികളിലൊരാളുടെ അഭിഭാഷകനും പിന്നീട് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനുമായ സി പി എം നേതാവിന്റെ കൈകടത്തലുകളാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമായതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
ഇതേപോലെ സ്‌പെഷ്യല്‍ പോക്‌സോ പബ്ലിക് പ്രോസിക്യൂട്ടറും കേസ് അന്വേഷിച്ച എസ് ഐ മുതല്‍ ഡി വൈ എസ് പി വരെയുള്ളവരും സംശയത്തിന്റെ നിഴലിലായിരുന്നു. കേസില്‍ ഫലപ്രദമായി ഇടപെട്ട സ്‌പെഷ്യല്‍ പോക്‌സോ പ്രോസിക്യൂട്ടറെ മാറ്റിയായിരുന്നു സി പി എം താല്പര്യമുള്ള മറ്റൊരു വനിതയെ ആ തസ്തികയില്‍ നിയമിച്ചത്. പ്രതികളെ വെറുതെവിട്ട വിധി ഉണ്ടായപ്പോള്‍ ഈ നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് വിനോദമാക്കിയ ഒരു റാക്കറ്റാണ് പെണ്‍കുട്ടികളുടെ മരണത്തിന് പിന്നിലുള്ളത്. പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ വന്‍ രാഷ്ട്രീയ സ്വാധീനമുള്ളവരിലേക്കും അന്വേഷണം നീളുമെന്ന ഭീതി കേസ് അട്ടിമറിച്ചവര്‍ക്കുണ്ടായിരുന്നു. ആദ്യകുട്ടിയുടെ മരണം നടന്നപ്പോള്‍ ചോദ്യംചെയ്യാന്‍ സംശയമുള്ളവരെ പൊലീസ് വിളിച്ചുവരുത്തിയപ്പോള്‍ സി പി എം നേതാക്കള്‍ ഇടപെട്ട് അവരെ പുറത്തിറക്കുകയായിരുന്നു. ‘അരിവാള്‍ പാര്‍ട്ടിക്കാരാണ് അത് ചെയ്തതെന്ന’ കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ സത്യമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ അധമന്മാരാണെന്നും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും പലതവണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മുമ്പില്‍ വാളയാറിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പലതവണ ചെന്ന് കാലില്‍വീണിട്ടും മുഖ്യമന്ത്രിയുടെ മനസ്സ് അലിഞ്ഞില്ല. സ്ത്രീപീഡനത്തിനെതിരെ വലിയ നിയമയുദ്ധങ്ങളും പ്രക്ഷോഭങ്ങളും നടത്തിയ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്വന്തം നിയോജക മണ്ഡലത്തിലാണ് വാളയാര്‍. വകുപ്പ് മന്ത്രി എ കെ ബാലന്റെ ജില്ലയായ പാലക്കാട്ടാണ് വാളയാര്‍. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമരം ചെയ്യുന്നത് എന്തിനുവേണ്ടിയാണെന്ന് അറിയില്ലെന്ന ബാലന്റെ പരിഹാസം ക്രൂരവും ഹീനവുമാണ്. പ്രതികള്‍ അരിവാള്‍ പാര്‍ട്ടിക്കാരാണെന്ന അമ്മയുടെ തുറന്നുപറച്ചിലായിരിക്കാം ബാലനെ പ്രകോപിപ്പിച്ചത്. രണ്ട് മക്കളെ നഷ്ടമായ അമ്മയുടെ വിലാപം മനസ്സിലാകാത്തവര്‍ക്ക് അവരുടെ സമരവും മനസ്സിലാകില്ല.

Leave a Reply

Your email address will not be published. Required fields are marked *