നടിയെ ആക്രമിച്ച കേസ്: വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്

Gulf

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമാണ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിചാരണക്കോടതി അനുവദിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിയെ ഇരുപതില്‍ കൂടുതല്‍ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. പ്രതി ദിലീപ്, നടി മഞ്ജു വാര്യരെ മകള്‍ വഴി മൊഴി മാറ്റിപ്പറയാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കോടതിയില്‍ അറിയിച്ചിട്ടും അത് രേഖപ്പെടുത്തിയില്ല. ഇരയെ പച്ചയ്ക്ക് കത്തിക്കുമെന്ന് പ്രതി മറ്റൊരു അഭിനേതാവിനോട് പറഞ്ഞ വിവരം തന്നെ അറിയിച്ചിരുന്നു. ഇക്കാര്യം കോടതിയില്‍ പറഞ്ഞിട്ടും കേട്ടുകേള്‍വി മാത്രമാണെന്ന് പറഞ്ഞ് രേഖപ്പെടുത്താന്‍ തയാറായില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വിചാരണക്കോടതിയുടെ നിക്ഷ്പക്ഷതയില്‍ സംശയമുണ്ടെന്ന് കാണിച്ച് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് സര്‍ക്കാര്‍ ഇതിനെ അനുകൂലിക്കുകയായിരുന്നു. കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *