മണ്ണില്ലാതെ പച്ചക്കറി വിളയിച്ച് ബിരുദ വിദ്യാര്‍ത്ഥികള്‍

Entertainment

കോഴിക്കോട്: ഒരു തരി മണ്ണിന്റെയും ആവശ്യമില്ല, സെയ്ത് അഫ്വാന്റെ വീട്ടില്‍ പച്ചക്കറികള്‍ വായുവിലും വളരും.പരീക്ഷണങ്ങളല്ല ലോകം പരീക്ഷിച്ച് വിജയിച്ച ഹൈഡ്രോപോണിക്‌സ് കൃഷി സ്വന്തം വീട്ടില്‍ വിളയിച്ച് തെളിയിച്ചാണ് കുറ്റിച്ചിറ സ്വദേശികളും ബിരുദ വിദ്യാര്‍ത്ഥികളുമായ സെയ്ത് അഫ്വാനും സുഹൃത്ത് സല്‍മാന്‍ ഫാരീസും ശ്രദ്ധ നേടുന്നത്.വിളകള്‍ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയില്‍ അവയെ വളര്‍ത്തുന്ന രീതിയാണ് ഹൈഡ്രോപോണിക്‌സ് .മണ്ണില്‍ നിന്നും കൃഷിയില്‍ നിന്നും പുതുതലമുറ അകലുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് മണ്ണിലിറങ്ങാതെ കൃഷി നടത്തി ഇരവരും പുത്തന്‍ മാതൃക തീര്‍ത്തിരിക്കുന്നത് .കുറ്റിച്ചിറ മിശ്കാല്‍ പള്ളിക്ക് സമീപത്തെ അഫ്വാന്റെ വീട്ടു ടെറസിലെ ഒരു സ്വകയര്‍ ഫീറ്റ് സ്ഥലത്ത് ഹൈഡ്രോപോണിക്‌സ് കൃഷിയിലൂടെ 24 ഇനം പച്ചക്കറികളാണ് വിളയിച്ച് എടുത്തത്.പച്ചമുളക് ,തക്കാളി, ചീര,വഴുതിന, വെണ്ട,പയര്‍ എന്നിങ്ങനെ ഒരു വീട്ടിലേക്കുള്ള പച്ചക്കറികളെല്ലാം മണ്ണില്ലാത്ത കൃഷിയിലൂടെ അഫ്വാനും സല്‍മാനും വിളയിച്ച് എടുത്തിരിക്കുകയാണ്. ഒന്നര വര്‍ഷം മുമ്പ് അഫ്വാനാണ് മണ്ണില്ലാതെ കൃഷി ചെയ്യുന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങുന്നതും വീട്ടില്‍ പരീക്ഷണം ആരംഭിക്കുന്നതും.വിദേശങ്ങളിലെ ഒരു ഹൈടെക് കൃഷിരീതിയെന്ന രീതിയില്‍ വിജയിച്ച ഹൈഡ്രോപോണിക്‌സിലാണ് അന്വേഷണം അവസാനിച്ചത്.സ്വന്തം രീതിയില്‍ ആദ്യം നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടില്ല. തുടര്‍ന്ന് ആത്മമിത്രമായ സല്‍മാനുമായി ചേര്‍ന്ന് പിഴവുകള്‍ പരിഹരിച്ച് രണ്ടാം ഘട്ടത്തില്‍ കൃഷി വിജയകരമാക്കുകയായിരുന്നു.ഹൈഡ്രോപോണിക്‌സില്‍ നിന്നും ചില വിത്യാസമുള്ള എയ്‌റോപോണിക്‌സ് ടവര്‍ ഗാര്‍ഡനാണ് അഫ്വാന്‍ പരീക്ഷിച്ചത്.പച്ചക്കറികള്‍ക്ക് വേണ്ട ലായനിയുടെ പൊടി രൂപത്തില്‍ വാങ്ങി വെള്ളത്തില്‍ ചേര്‍ത്താണ് ഉപയോഗിക്കുന്നത്. ഇതേ രീതിയില്‍ വീടിനകത്ത് അലങ്കാര ചെടികളും വളര്‍ത്തുന്നുണ്ട്.

എന്താണ് ഹൈഡ്രോപോണിക് കൃഷി

വിളകള്‍ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയില്‍ അവയെ വളര്‍ത്തുന്ന സമ്പ്രദായമാണ് ഹൈഡ്രോപോണിക്‌സ് എന്ന് ലളിതമായി പറയാം. കൃഷി നടത്താന്‍ മണ്ണാവശ്യമില്ല എന്നതാണ് ഈ കൃഷിയെ വിത്യസ്ഥമാക്കുന്നത്.സസ്യങ്ങളെ ഈ ലായനിയില്‍ ഉറപ്പിക്കുന്നതിനായി കയര്‍ പിത്ത്, വെള്ളാരം കല്ലുകള്‍, തെര്‍മോകോള്‍ എന്നിവ ഉപയോഗിക്കും.പോഷകങ്ങളെ അയോണുകളുടെ രൂപത്തില്‍ ആഗികരണം ചെയ്തു വളരാന്‍ ചെടികള്‍ക്ക് ആകുമെന്ന കണ്ടെത്തലാണ് ഹൈഡ്രോപോണിക്സ് എന്ന കൃഷി രീതിക്ക് വഴി തുറന്നതെന്ന് സെയ്ത് അഫ്വാന്‍ പറയുന്നു. ഹൈഡ്രോപോണിക്സില്‍ സാധാരണ കൃഷിക്കുവേണ്ടതിനേക്കാള്‍ 60 മുതല്‍ 80 ശതമാനം വരെ കുറച്ചേ ജലം ആവശ്യമുള്ളൂ. മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ ചെയ്യേണ്ട നിലം ഒരുക്കുക, കളകള്‍ പറിക്കല്‍, ചെടികള്‍ക്ക് വെള്ളവും വളവും നല്‍കല്‍, ഇടയിളക്കല്‍, കാഠിന്യമുള്ള ജോലികള്‍ എന്നിവ ഹൈഡ്രോപോണിക്‌സില്‍ ഒഴിവാക്കാനാകും. ഓരോ ചെടികളുടെയും വേരു മണ്ഡലത്തില്‍ വെള്ളവും വളവും എത്തിച്ചുക്കൊടുക്കുന്നതു കൊണ്ട് ചെടികള്‍ തമ്മില്‍ വെള്ളത്തിനോ വളത്തിനോ വേണ്ടി മല്‍സരം ഉണ്ടാകുന്നില്ല. അതിനാല്‍ ഒരു യൂണിറ്റ് സ്ഥലത്തില്‍ 10 മുതല്‍ 30 ശതമാനം വരെ കൂടുതല്‍ ചെടികള്‍ വളര്‍ത്താനാകും.

കീടനാശിനിയില്ലാത്ത ശുദ്ധമായ പച്ചക്കറി

ചെലവ് കൂടുമെങ്കിലും അനായാസം ആര്‍ക്കും കൃഷി ചെയ്യാമെന്നാണ് ഹൈഡ്രോപോണിക് കൃഷിയുടെ പ്രത്യേകത.മാത്രമല്ല ഈ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ പച്ചകറികള്‍ ക്രമാനുഗതമായി വളരും.വളം അന്വേഷിച്ച് ദൂരെ പോകേണ്ടതില്ലാത്തത്‌കൊണ്ട് വേരുകള്‍ അധികം വളരുന്നില്ല. ആ വളര്‍ച്ച കൂടി തണ്ടുകള്‍ക്കും ഇലകള്‍ക്കും ഉണ്ടാകുന്നു.എല്ലാ പോഷകഘടങ്ങളും സമീകൃതമായി ലഭിക്കുന്നത് കൊണ്ട് അവയില്‍ കായ്ക്കുന്ന ഫലങ്ങള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയും കൂടുതല്‍ സ്വാദും ഉണ്ടാവുകയും ചെയ്യും.കീടനാശിനികള്‍ വേണ്ടിവരില്ല എന്നതാണ് ഈ കൃഷിയുടെ പ്രത്യേകതയെന്നും യുവാക്കള്‍ പറയുന്നു.പരിമിതമായ സ്ഥലത്തു നിന്നും പരമാവധി ഉല്‍പാദനം സാധ്യമാക്കുന്ന കൃഷിരീതിയെ കൂടുതല്‍ വിപുലീകരിക്കാനും ഒരു ഫാം തന്നെ തുടങ്ങാനുമാണ് സെയ്ത് അഫ്വാനും സല്‍മാനും ലക്ഷ്യമിടുന്നത്. വാഴയൂര്‍ സാഫി കോളേജില്‍ ബി എ ഇസ്ലാമിക് ഫിനാന്‍സില്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായ അഫ്വാനും , ജെ ഡി ടി ആര്‍സ് ആന്റ് സയന്‍സ് കോളേജിലെ ബികോം വിദ്യാര്‍ത്ഥിയായ സല്‍മാന്‍ ഫാരീസും കൃഷിയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയേകുന്നത് ഇരുവരുടെയും കുടുംബങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *