യു.ഡി.എഫ്. വഞ്ചനാദിന പ്രതിഷേധ പരിപാടിയില്‍ രണ്ട് ലക്ഷം പേര്‍ പങ്കെടുത്തു

India

തിരുവനന്തപുരം:  അഴിമതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ക്കെതിരായുള്ള തെറ്റായ നയങ്ങള്‍ക്കെതിരെയും യു.ഡി.എഫ്. നടത്തുന്ന സ്പീക്ക്അപ്പ് കേരള സമര പരമ്പരയുടെ അഞ്ചാംഘട്ട പരിപാടിയില്‍ സംസ്ഥാന വ്യാപകമായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വഞ്ചനാദിന സത്യാഗ്രഹ പരിപാടിയില്‍ പ്രതിഷേധം ഇരമ്പി.കോവിഡ് പ്രോട്ടോക്കള്‍ പാലിച്ച് ഒരു വാര്‍ഡില്‍ പത്ത് പേര്‍ വീതം പങ്കെടുത്ത  പരിപാടിയില്‍ സംസ്ഥാനമൊട്ടാകെ 20000 വാര്‍ഡുകളിലായി രണ്ട് ലക്ഷം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ അണിനിരന്നു.  സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതികളെ സഹായിക്കുകയും സംരക്ഷിക്കുകയും എല്ലാ അഴിമതികളുടെയും കേന്ദ്രബിന്ദുവുമായ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജലീലും രാജിവച്ച് അന്വേഷണം നേരിടുക., പി.എസ്.സി. യെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍, അനധികൃതകരാര്‍ നിയമനങ്ങള്‍ റദ്ദാക്കുക. ഒഴിവുള്ള തസ്തികകളില്‍ പി.എസ്.സി. വഴി അടിയന്തരമായി നിയമനം നടത്തുക., തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും വെട്ടിക്കുറച്ച് വികസനസ്തംഭനം സൃഷ്ടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കുക., വാളയാറിലെ ദളിത് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കൊലയാളികളെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനാല്‍ വാളയാര്‍ കുടുംബത്തിന് നീതി നല്‍കുക. നീതിക്കുവേണ്ടി സമരം ചെയ്യുന്നവരോട് യു.ഡി.എഫ്. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു., യു.പി.യിലെ ഹത്രാസില്‍  ബലാല്‍സംഗം ചെയ്തുകൊലപ്പെടുത്തിയ ദളിത് ബാലികയുടെ കുടുംബത്തിനു നീതി നല്‍കുക. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദളിത്ആദിവാസിന്യൂനപക്ഷആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുക., പാര്‍ലമെന്റ് പാസ്സാക്കിയ കര്‍ഷകരെ ദ്രോഹിക്കുന്ന കരി നിയമങ്ങള്‍ പിന്‍വലിക്കുക.
തുടങ്ങിയ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് യു.ഡി.എഫ്. സമരമുഖത്തിറങ്ങിയതെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു.സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസന്‍, മുന്‍മന്ത്രി വി.എസ്.ശിവകുമാര്‍, യു.ഡി.എഫ്. നേതാക്കളായ ബീമാപള്ളി റഷീദ്, കൊട്ടാരക്കര പൊന്നച്ചന്‍, സി.പി.ജോണ്‍, ബാബു ദിവാകരന്‍, നെയ്യാറ്റിന്‍കര സനല്‍, അഡ്വ.പി.കെ.വേണുഗോപാല്‍, മണക്കാട് സുരേഷ്, മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പ്രതിപക്ഷഉപനേതാവ് ഡോ.എം.കെ.മുനീര്‍ കോഴിക്കോട്ടും കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴയിലും ആര്‍.എസ്.പി. സെക്രട്ടറി എ.എ.അസീസും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്‍ കൊല്ലത്തും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് എറണാകുളത്തും സത്യാഗ്രഹത്തില്‍ പങ്കെടുത്തു. മറ്റു ജില്ലകളില്‍ യു.ഡി.എഫ്.എം.പിമാര്‍, എം.എല്‍.എ.മാര്‍, മുതിര്‍ന്ന യു.ഡി.എഫ്. നേതാക്കളും വാര്‍ഡുതല പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *