സിനിമാ മേഖലയെ വെല്ലുവിളിച്ച് വ്യാജപതിപ്പുകള്‍

vijay

എങ്ങിനെയാണ് വ്യാജന്മാരെ പൂട്ടുകയെന്നറിയാതെ ചലച്ചിത്ര ലോകം

എങ്ങിനെയാണ് പുതിയ സിനിമകളുടെ വ്യാജ പ്രിന്റുകള്‍ തടയുകയെന്ന് ഓര്‍ത്ത് ചലച്ചിത്രലോകം ആശങ്കപ്പെടുന്നു.കുറേക്കാലമായി പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തിറക്കി സിനിമ ഇന്‍ഡസ്ട്രിയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുന്ന സംഘം വിലസുന്നു.ഇവരെ എങ്ങിനെ പൂട്ടണമെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ക്കോ പോലീസിനോ വ്യക്തതയില്ല.പുതിയ രൂപത്തില്‍ ,ഭാവത്തില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കയാണ്.ഇതിനു പിന്നിലുള്ളവരെ അറസ്റ്റു ചെയ്ത് ഇനി പ്രശ്‌നമുണ്ടാകില്ലെന്ന് സമാധാനിക്കുമ്പോള്‍ ഉടനെ തന്നെ സംഘത്തിന്റെ മറുപടി വരും.പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയുടെ വ്യാജന്‍ ഇന്റര്‍നെറ്റിലിട്ടാകും അവരുടെ വിളയാട്ടം.എന്തൊക്കെ മുന്‍കരുതല്‍ എടുത്തിട്ടും വ്യാജപതിപ്പിനു തടയിടാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് പരിതപിക്കുകയാണ് സിനിമാ പ്രവര്‍ത്തകര്‍.മിക്ക സംസ്ഥാനങ്ങളിലും പരാതികളിന്‍ മേല്‍ അന്വേഷണം നടത്തുന്ന പോലീസ്, സൈബര്‍ സെല്‍ വരെ രൂപീകരിച്ചിട്ടുണ്ട്.ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ പുറത്തു വിടുന്നതില്‍ പ്രമുഖരാണ് തമിഴ് റോക്കേഴ്‌സ്.മലയാളം,തമിഴ്,തെലുങ്കു തുടങ്ങി സിനിമകളുടെ റിലീസ് ദിനം തന്നെ കോപ്പികള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താണ് ഇവര്‍ സിനിമാമേഖലയെ ഞെട്ടിക്കുന്നത്.ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ ഇതിലൂടെ നേടുന്നതത്രെ. വ്യാജപതിപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ ഈയിടെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.പ്രധാന കണ്ണികള്‍ തന്നെയാണ് വലയിലായത്.വളരെ ആശ്വാസകരമായ വാര്‍ത്തയായിരുന്നു ഇത്.എന്നാല്‍ കുറച്ച് ദിവസങ്ങള്‍ മാത്രമേ ഇതു നീണ്ടുനിന്നുള്ളൂ.ബിഗ്ബജറ്റ് സൂപ്പര്‍ താര ചിത്രങ്ങളുടെ വ്യാജനിറക്കി അവര്‍ സിനിമാ മേഖലയെ ആശങ്കയിലാഴ്ത്തി.സിനിമകളുടെ കലക്ഷനെ വ്യാജപതിപ്പുകള്‍ പ്രതികൂലമായി ബാധിക്കും.ഇതു നിര്‍മ്മാതാക്കള്‍ കുത്തുപാളയെടുക്കാന്‍ വരെ കാരണമായിത്തീരുന്നുണ്ട്. ഇപ്പോഴിതാ വിജയ് ചിത്രം സര്‍ക്കാറിന്റെ വ്യാജനും ഇന്റര്‍നെറ്റില്‍ ഇട്ട് സംഘം വെല്ലുവിളിക്കുകയാണ്.