കീര്‍ത്തിക്ക് ശേഷം സാവിത്രിയായി നിത്യാമേനോന്‍

nithya-menon

മുന്‍കാല നടി സാവിത്രിയായി മഹാനടിയില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച കീര്‍ത്തി സുരേഷിന് പിന്നാലെ നിത്യാമേനോനും സാവിത്രിയായി എത്തുന്നു. നടനും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ബയോപിക്കിലാണ് നിത്യാമേനോന്‍ നടി സാവിത്രിയെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിത്യാമേനോന്‍ ട്വീറ്റ് ചെയ്തു. 1962ല്‍ റിലീസ് ചെയ്ത ഗുണ്ടമ്മ കഥ എന്ന ചിത്രത്തിന്റെ ഒരുപോസ്റ്റര്‍ ആണ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പോസ്റ്ററില്‍ എന്‍.ടി.ആറായി ബാലകൃഷ്ണയും സാവിത്രിയായി നിത്യാമേനോനെയും കാണാം. സാവിത്രിഅമ്മയായുള്ള എന്റെ ആദ്യലുക്ക് അഭിമാനത്തോടെ അവതരിപ്പിക്കുന്നു, എന്നാണ് നിത്യ ട്വീറ്റ് ചെയ്തത്. എന്‍.ടി.ആറിന്റെ ജീവചരിത്രം സ്‌ക്രീനിലെത്തിക്കുന്ന ചിത്രം രണ്ടു ഭാഗമായാണ് ഒരുങ്ങുന്നത്. ആദ്യഭാഗത്തിന് കഥാനായകുഡു എന്നും രണ്ടാം ഭാഗത്തിന് മഹാനായകുഡു എന്നുമാണ് പേരുകള്‍. ആദ്യഭാഗത്തില്‍ എന്‍.ടി.ആറിന്റെ സിനിമാ ജീവിതവും രണ്ടാംഭാഗത്തില്‍ രാഷ്ട്രീയ ജീവിതവുമാണ് പ്രതിപാദിക്കുന്നത് എന്നാണ് സൂചന. ആദ്യഭാഗം അടുത്തവര്‍ഷം ജനുവരി 9 ന് റിലീസിനെത്തും. രണ്ടാം ഭാഗം ജനുവരി 26 നും. അച്ഛന്റെ വേഷത്തില്‍ മകന്‍ നന്ദമുറി ബാലകൃഷ്ണ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ബാലകൃഷ്ണ തന്നെയാണ് എന്‍.ബി.കെ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ബസവതമ്മയായി വിദ്യാബാലനും ചന്ദ്രബാബു നായിഡുവായി റാണ ദക്ഷുബതിയും അക്കിനേനി നാഗരാജേശ്വര റാവുവായി സുമുന്തും കൃഷ്ണയായി മഹേഷ് ബാബുവും നാഗി റെഡ്ഢിയായി പ്രകാശ് രാജുവും എത്തുന്നു. കന്നി ബോളിവുഡ് ചിത്രം മിഷന്‍ മംഗള്‍, വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ വിവിധ ഭാഷയില്‍ പുറത്തിറങ്ങുന്ന പ്രാണ എന്നീ ചിത്രങ്ങളിലും നിത്യ അഭിനയിക്കുന്നുണ്ട്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയായും നിത്യ ഉടന്‍ വെള്ളിത്തിരയിലെത്തും.