ബൈക്ക് ലോറിയിലിടിച്ച് തീപ്പിടിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

accident

അപകടം ഹരിപ്പാടിന് സമീപം ദേശീയ പാതയില്‍
സുഹൃത്തിന് ഗുരുതര പരിക്ക്

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോയമ്പത്തൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും ചെങ്ങന്നൂര്‍ മുളക്കഴ കിരണ്‍ നിവാസില്‍ കൃഷ്ണന്റെ മകനുമായ കിരണ്‍ കൃഷ്ണന്‍ (22) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദേശീയ പാതയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അമിത വേഗത്തിലെത്തിയ ബൈക്കും ലോറിയും ഇടിച്ച് കത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാര്‍ക്ക് എന്തെങ്കിലും ചെയ്യാനാകുന്നതിന് മുമ്പ് തന്നെ കിരണിന്റെ ശരീരത്തില്‍ തീ പടര്‍ന്നു. ശരീരത്തില്‍ പൂര്‍ണമായും പൊള്ളലേറ്റ നിലയിലാണ് മൃതദേഹം. കോയമ്പത്തൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് വരികയായിരുന്നു കിരണും സുഹൃത്തും. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗത തടസവുമുണ്ടായി.