നെഹ്‌റുട്രോഫി ജലമേള പത്തിന്; ചരിത്രത്തിലാദ്യമായി 81 വള്ളങ്ങള്‍

nehru trophy

ആലപ്പുഴ: പ്രളയത്തെത്തുടര്‍ന്നു മാറ്റിവച്ച 66ാമതു നെഹ്‌റുട്രോഫി ജലമേള പത്തിനു പുന്നമട കായലില്‍ നടക്കും. നെഹ്‌റുട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളംകളിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക് പത്രസമ്മേളനത്തില്‍ പറഞ്ഞു. 81 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റുട്രോഫിയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍ മത്സരയിനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ അഞ്ചുവള്ളങ്ങളും ഉള്‍പ്പെടെ 25 ചുണ്ടന്‍വള്ളങ്ങള്‍ മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ വിഭാഗത്തില്‍ ഒന്പതുവള്ളങ്ങളും വെപ്പ് ബി വിഭാഗത്തില്‍ ഏഴു വള്ളങ്ങളും, ഇരുട്ടുകുത്തി എ ഗ്രേഡില്‍ നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ 17 വള്ളങ്ങളും മത്സരിക്കും. ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തില്‍ ഒമ്പതു വള്ളങ്ങളും നാലു ചുരുളന്‍വള്ളങ്ങളും ആറ് തെക്കനോടി വള്ളങ്ങളും ഉള്‍പ്പെടെ 56 ചെറുവള്ളങ്ങളാണ് മത്സരരംഗത്തുള്ളത്. 81 വള്ളങ്ങള്‍ മത്സരിക്കുന്ന ജലമേളയില്‍ വള്ളങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റ്, വള്ളങ്ങളുടെ ബോണസ് എന്നിവ കഴിഞ്ഞ തവണത്തേക്കാള്‍ പത്തു ശതമാനം കൂട്ടിയിട്ടുണ്ട്. അത്തരത്തില്‍ ഏകദേശം ഒന്നരക്കോടിയോളം രൂപ ബോണസും ഗ്രാന്റായും നല്‍കുന്നുണ്ട്. കൂടാതെ ഇത്തവണ മുന്നിലെത്തുന്ന പത്തു വള്ളങ്ങള്‍ക്കു സമ്മാനത്തുക കൂട്ടും. പത്തിനു രാവിലെ 11 മുതല്‍ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും എല്ലാ വിഭാഗങ്ങളുടെയും ഫൈനല്‍ മത്സരങ്ങളും അരങ്ങേറും.