ചിങ്ങവനം റെയില്‍വേ സ്റ്റേഷനു പുതിയ മുഖം; നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

Chingavanam-Railway-Station

ചിങ്ങവനം: നാട്ടുകാരുടെ നിരന്തരമായ പരാതികള്‍ക്കു പരിസമാപ്തി. ചിങ്ങവനം പഴയ റെയില്‍വേ സ്റ്റേഷന്‍ ഇനി ഓര്‍മയിലേക്ക്. ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിത റെയില്‍വേസ്റ്റേഷന് ഇനി പച്ചക്കൊടി പാറാന്‍ ആഴ്ചകള്‍ മാത്രം. 95 ശതമാനവും പണി പൂര്‍ത്തീകരിച്ച ഇവിടെ ഇനിയുള്ളത് അവസാനവട്ട മിനുക്കു പണികള്‍ മാത്രം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മീറ്റര്‍ ഗേജ് പാത ബ്രോഡ് ഗേജിലാക്കിയിട്ടും ചിങ്ങവനം സ്റ്റേഷനെ അധികൃതര്‍ കയ്യൊഴിഞ്ഞതു വലിയ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. പഴയ ഫ്‌ളാറ്റ്‌ഫോമില്‍ യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നതുമൂലം നിരന്തരമായ അപകടങ്ങള്‍ക്കും വഴിവച്ചിരുന്നു. തുടര്‍ന്ന് റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ചിങ്ങവനം സ്റ്റേഷനും ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിയുകയായിരുന്നു.
ചങ്ങനാശേരി ചിങ്ങവനം റൂട്ടിലെ രണ്ടാം പാളത്തില്‍ ട്രെയിന്‍ താമസിയാതെ ട്രയല്‍ റണ്‍ നടത്താനുള്ള അവസാനഘട്ട പണികള്‍ പൂര്‍ത്തീകരിക്കുകയാണ്. പരീക്ഷണ ഓട്ടത്തിനുശേഷം സുരക്ഷിതമെങ്കില്‍ അടുത്തമാസം മുതല്‍ പാത ഓട്ടത്തിനു തുറന്നുകൊടുക്കും. ബംഗളൂരുവില്‍നിന്നുള്ള റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ ആദ്യം ട്രോളിയിലും തുടര്‍ന്ന് രണ്ട് ബോഗികളുള്ള ട്രെയിനിലും പരീക്ഷണ ഓട്ടം നടത്തും. 100 കിലോമീറ്റര്‍ വേഗത്തിലായിരിക്കും പരീക്ഷണ ഓട്ടം. ചങ്ങനാശേരി മുതല്‍ ചിങ്ങവനം വരെ 10 കിലോമീറ്റര്‍ ദൂരം ആറു മിനിറ്റുകൊണ്ട് ഓടിയെത്തും. പരീക്ഷണ ഓട്ടം തൃപ്തികരമെങ്കില്‍ ചങ്ങനാശേരിയില്‍നിന്നും ചിങ്ങവനം വരെ പണിത പുതിയ പാളം സിഗ്‌നല്‍ ബോര്‍ഡുമായി ബന്ധിപ്പിക്കും. ഇതിനുശേഷമേ പാത കമ്മീഷന്‍ ചെയ്യൂ. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് 50 കിലോമീറ്ററും എക്‌സ്പ്രസുകള്‍ക്ക് 60 കിലോമീറ്ററും സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്ക് 70 കിലോമീറ്ററും ഈ റൂട്ടില്‍ വേഗം അനുവദിക്കും. തിരുവനന്തപുരം മുതല്‍ ചിങ്ങവനം വരെ ക്രോസിംഗ് ഒഴിവാക്കി ട്രെയിനുകള്‍ക്ക് ഓടാനാകും.
ചിങ്ങവനം മേല്‍പ്പാലം, പോളച്ചിറ, കനകക്കുന്ന്, മന്ദിരം, എണ്ണയ്ക്കാച്ചിറ, പുലിക്കുഴി, കുറിച്ചി, ചിറവംമുട്ടം, മോര്‍ക്കുളങ്ങര, പാറേല്‍, ചങ്ങനാശേരി വാഴൂര്‍ റോഡിലെ മേല്‍പ്പാലം അടക്കം പത്ത് പുതിയ പാലങ്ങളാണ് ഈ റൂട്ടില്‍ പൊളിച്ചു പണിയേണ്ടി വന്നത്. ഇതില്‍ രണ്ട് മേല്‍പാലങ്ങളുടെ പണികള്‍ ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. നിലവില്‍ 10 പാസഞ്ചര്‍ ട്രെയിനുകളാണു ചിങ്ങവനം സ്റ്റേഷനില്‍ നിര്‍ത്തുന്നത്. നവീകരിച്ച റെയില്‍വേസ്റ്റേഷനും, ഇരട്ടപ്പാതയും യാഥാര്‍ഥ്യമാകുന്നതോടെ വേണാടുള്‍പ്പെടെ കൂടുതല്‍ ട്രെയിനുകള്‍ ചിങ്ങവനം സ്റ്റേഷനില്‍ നിര്‍ത്തണമെന്ന ആവശ്യവുമായി പാസഞ്ചര്‍ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.