ജാതിമത വേര്‍തിരിവ് കേരളത്തെ ഇരുട്ടിലാക്കി: ജസ്റ്റീസ് കുര്യന്‍ ജോസഫ്

KURIAN-JOSEPH

തൃശൂര്‍: ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവുകള്‍ കേരളത്തില്‍ അന്ധകാരം സൃഷ്ടിച്ചുവെന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ തൃശൂര്‍ യൂണിറ്റ് ഹാള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജാതി, മതം, വര്‍ഗം, വര്‍ണം, ലിംഗം, സമ്പത്ത് എന്നിവയുടെ പേരിലാണ് സ്ഥാനമാനങ്ങള്‍ ഇവിടെ വീതം വയ്ക്കുന്നത്. ഈ വീതംവയ്പുകളാണ് സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കുന്നത്. ഏതു തൊഴിലും മാന്യമാണെന്ന ചിന്ത എല്ലാവരിലും ഉണ്ടാവണം. ഭക്തിയും വിശുദ്ധിയും സ്വഭാവശുദ്ധിയും ജീവിതത്തിലും തൊഴിലിലും മാന്യതയോടെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അവിടെ അന്ധകാരം മാറി വെളിച്ചമുണ്ടാകുമെന്ന് ജസ്റ്റീസ് പറഞ്ഞു. അഭിഭാഷകര്‍ക്കു ലഭിക്കുന്ന അതേ പരിഗണനയാണ് അഡ്വക്കേറ്റ് ക്ലര്‍ക്കുമാര്‍ക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രിന്‍സിപ്പില്‍ സെഷന്‍സ് ജഡജ് സോഫി തോമസ് മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് കെ.എസ്. സുധീരന്‍ അധ്യക്ഷത വഹിച്ചു അഡ്വ. തേറമ്പില്‍ രാമക്യഷണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസഥാന പ്രസിഡന്റ് വി.കെ. രാജേന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ്, എം. രാമന്‍കുട്ടി, ജോസ് മേച്ചേരി, സി.വി. ഫ്രാന്‍സിസ്, വി.വിശ്വനാഥന്‍, സി.ഗോവിന്ദന്‍ നായര്‍, ടി.ഡി. രാജപ്പന്‍, ടി.എന്‍. രവിന്ദ്രന്‍, എ.വി. ഷിബു, പി.എ. മാര്‍ട്ടിന്‍, പി.കെ. പ്രദീപ്കുമാര്‍, പി.എല്‍. ഷാജു, സി.പി. പോള്‍സണ്‍, പി. പ്രതാപ് ദാസന്‍ എന്നിവര്‍ സംസാരിച്ചു.