റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെയാകണം: രഘുറാം രാജന്‍

rbi-rajan

ന്യൂഡല്‍ഹി: കാറിലെ സീറ്റ് ബെല്‍റ്റ് പോലെയാണ് രാജ്യത്തിനു റിസര്‍വ് ബാങ്കെന്നും അതില്ലെങ്കില്‍ അപകടമുണ്ടാകുമെന്ന് ഉറപ്പാണെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുകയാണെങ്കില്‍ അരുതെന്നു പറയാന്‍ ബാങ്കിന് സ്വാതന്ത്ര്യമുണ്ടെന്നും രഘുറാം രാജന്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസര്‍വ് ബാങ്ക് നവജ്യോത് സിംഗ് സിദ്ദുവിനെ പോലെയല്ല, രാഹുല്‍ ദ്രാവിഡിനെ പോലെയാവണം ഇപ്പോള്‍ കളിക്കേണ്ടത്. രാഹുല്‍ ദ്രാവിഡിനെ പോലെ കാര്യബോധത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ബോര്‍ഡ് മാറണം. നവജ്യോത് സിദ്ദുവിനെപ്പോലെ ആക്രമണ ശൈലി സ്വീകരിക്കരുതെന്നും രഘുറാം രാജന്‍ ഓര്‍മിപ്പിച്ചു. കേന്ദ്രബാങ്കിനെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക മേഖലയ്ക്ക് ഗുണകരമാവില്ലെന്നും രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കുന്നു.കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കുമായുള്ള പ്രശ്‌നങ്ങള്‍ ഒട്ടും ആശാസ്യമല്ല. ഒരു ഗവര്‍ണറെയോ ഡെപ്യൂട്ടി ഗവര്‍ണറെയോ നിയമിച്ചു കഴിഞ്ഞാല്‍ അവര്‍ പറയുന്നതു കേള്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇരുവരും പരസ്പര ബഹുമാനത്തോടെ പെരുമാറിയാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമേ ഇരുകൂട്ടര്‍ക്കുമിടയില്‍ ഉള്ളൂ. സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയാലും പറ്റില്ലെന്നു പറയാനുള്ള അവകാശം റിസര്‍വ് ബാങ്കിനുണ്ട്. അതിനുള്ള ആര്‍ജവം ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.