ഡല്‍ഹിയില്‍ കൃത്രിമ മഴയ്ക്കു സാധ്യത തേടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രൂക്ഷമായ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനു സാധ്യത തേടി കേന്ദ്രമലിനീകരണനിയന്ത്രണ ബോര്‍ഡ്. ഇന്ത്യന്‍ കാലാവസ്ഥാ പഠന വിഭാഗവും കാണ്‍പുര്‍ ഐഐടിയുമായി നടത്തിയ ചര്‍ച്ചയിലാണു സാധ്യത പരിശോധിച്ചത്. ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ മലിനീകരണത്തിന്റെ തോത് അതീവ ഗുരുതരാവസ്ഥയിലെത്തുമെന്നും പത്തിനു പരീക്ഷണാടിസ്ഥാനത്തില്‍ മഴ പെയ്യിക്കാനാകുമോയെന്നും ചര്‍ച്ചചെയ്തു. എന്നാല്‍, പരീക്ഷണം സാധ്യമാകുമോയെന്ന കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. അനുകൂല കാലാവസ്ഥയ്ക്കായി കാത്തിരിക്കുകയാണെന്നും ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷമുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് തയാറെടുപ്പുകള്‍ നടത്തുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് എക്യുഐ 500ലേക്കു കടക്കുന്ന സാഹചര്യത്തിലാണ് അടിയന്തരനടപടികളെടുക്കുന്നതിനെക്കുറിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡും കാലാവസ്ഥാ പഠനവിഭാഗവും ചര്‍ച്ച തുടങ്ങിയത്. മലിനീകരണം രൂക്ഷമായതു കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷവും കൃത്രിമ മഴയുടെ സാധ്യതകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍, വിജയത്തിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബര്‍ എട്ടു മുതല്‍ പത്ത് വരെ വലിയ ട്രക്കുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിനു സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ അഥോറിറ്റി വിലക്കേര്‍പ്പെടുത്തി. 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും ഡല്‍ഹിയില്‍ ഉപയോഗിക്കുന്നതിനു കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.