മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്  കെട്ടിടത്തില്‍ ലിഫ്റ്റ് വരുന്നു

കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ നഗരസഭയുടെ കെട്ടിടത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നു. പൊതുജനങ്ങള്‍ക്ക് എപ്പോഴും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിനുള്ള അനുമതി നഗരസഭ നല്‍കിയത്. സ്വകാര്യ വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് കെട്ടിടത്തിലെ ഒന്നാംനിലയില്‍ നിന്ന് നാലാംനിലയിലേക്ക് സ്വന്തം ചെലവില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നത്.
അതേസമയം നഗരസഭ ഇക്കാര്യത്തില്‍ പ്രത്യേക നിബന്ധനകള്‍ നല്‍കിയിട്ടുണ്ട്. സ്വന്തം ചെലവിലാണ് ലിഫ്റ്റ് സ്ഥാപിക്കുന്നതെങ്കിലും ഉടമസ്ഥാവകാശം നഗരസഭയ്ക്കായിരിക്കും. പൊതുജനങ്ങള്‍ക്ക് ലിഫ്റ്റ് നിര്‍ബാധം ഉപയോഗിക്കാമെന്നതാണ് പ്രധാന വ്യവസ്ഥ. ഇതിനുള്ള സൗകര്യം സ്ഥാപിക്കുന്നവര്‍ ഏര്‍പ്പെടുത്തണം. ലിഫ്റ്റ് പൂട്ടിയിടാനോ പൊതുജനങ്ങള്‍ക്കും മറ്റു വ്യാപാരികള്‍ക്കും പ്രവേശനം നിഷേധിക്കാനോ പാടില്ല. വ്യവസ്ഥ ലംഘിച്ചാല്‍ നഗരസഭ പിടിച്ചെടുക്കും. നഗരസഭ ആവശ്യപ്പെടുന്ന പക്ഷം ലിഫ്റ്റിന്റെ പ്രവര്‍ത്തനം നഗരസഭയ്ക്ക് ഏതുസമയത്തും കൈമാറേണ്ടതാണെന്ന പ്രത്യേക നിബന്ധനയോടെയാണ് അനുമതി നല്‍കിയത്. ലിഫ്റ്റ് സ്വന്തം ചെലവില്‍ സ്ഥാപിക്കാമെന്ന് വ്യക്തമാക്കി സ്ഥാപന ഉടമ നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു.