കേന്ദ്ര മന്ത്രി എം.ജെ.അക്ബറിന്റെ വിദേശ യാത്ര വെട്ടിച്ചുരുക്കി, തിരിച്ചുവിളിച്ചു

m.j akbar

ന്യൂഡല്‍ഹി: പീഡനാരോപണത്തെ തുടര്‍ന്ന് നൈജീരിയന്‍ യാത്രയിലായിരുന്ന വിദേശ കാര്യസഹമന്ത്രി എം.ജെ.അക്ബറിന്റെ യാത്ര വെട്ടിച്ചുരുക്കി. അക്ബറിനോട് എത്രയും വേഗം ഡല്‍ഹിയിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.വെള്ളിയാഴ്ചയായിരുന്നു അക്ബര്‍ തിരിച്ചെത്തേണ്ടിയിരുന്നത്. കേന്ദ്ര നിര്‍ദ്ദേശത്തോടെ അദ്ദേഹം ഇന്ന് തന്നെ മടങ്ങിയെത്തിയേക്കും.അക്ബറിനെതിരെയുള്ള ആരോപണങ്ങളില്‍ ചിലത് ഗൗരവതരമാണ്. അതേസമയം അദ്ദേഹത്തിന് പറയാനുള്ളതും കേള്‍ക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച കാര്യത്തില്‍ ബി.ജെ.പിക്ക് ഗൗരവമായ സമീപനമാണെന്ന് അവര്‍ അറിയിച്ചു.എം.ജെ. അക്ബറിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തത്തിയിരുന്നു. ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയിരുന്നു എം.ജെ. അക്ബര്‍. അക്ബര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അക്ബര്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.