അതിവേഗ സമ്പദ്‌വളര്‍ച്ച: ഒന്നാംസ്ഥാനത്ത് ഇന്ത്യ തുടരും: ഐ.എം.എഫ്

hhhhhhhhhh

ന്യൂയോര്‍ക്ക്: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിന്‍ബലത്തില്‍ നടപ്പു വര്‍ഷവും അടുത്തവര്‍ഷവും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന മുന്‍നിര സമ്പദ്ശക്തിയായി ഇന്ത്യ തുടരുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). ബാലിയില്‍ നടക്കുന്ന ഐ.എം.എഫിന്റെ വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക് (ഡബ്‌ള്യു.ഇ.ഒ) റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയ ചരക്ക് സേവന നികുതി (ജി.എസ്.ടി), നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടി, ബാങ്കിംഗ് തട്ടിപ്പുകാരെ കുടുക്കാനുള്ള ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐ.ബി.സി, വിദേശ നിക്ഷേപം ഉദാരമാക്കിയ നിയമങ്ങള്‍, ബിസിനസ് സൗഹാര്‍ദ്ദ നയങ്ങള്‍ എന്നിവ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. എന്നാല്‍, അനുദിനം കുതിക്കുന്ന ക്രൂഡോയില്‍ വില, സാമ്പത്തിക വളര്‍ച്ചാ നിരക്ക് നേരിയ തോതില്‍ കുറയാനിടയാക്കും. അടുത്തവര്‍ഷം ഇന്ത്യ 7.4 ശതമാനം വളരുമെന്നാണ് ഐ.എം.എഫിന്റെ പുതുക്കിയ വിലയിരുത്തല്‍. നേരത്തേ വിലയിരുത്തിയ വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായിരുന്നു. നടപ്പുവര്‍ഷം ഇന്ത്യ 7.3 ശതമാനം വളരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. അതിവേഗം വളരുന്ന സമ്പദ്ശക്തികളില്‍ ഇന്ത്യയ്ക്ക് പിന്നിലായി, രണ്ടാംസ്ഥാനത്തുള്ള ചൈനയ്ക്ക് ഇപ്പോള്‍ സമയം മോശമാണെന്നാണ് ഐ.എം.എഫിന്റെ അഭിപ്രായം. ഈ വര്‍ഷം 6.6 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്ന ചൈന, അടുത്തവര്‍ഷം 6.2 ശതമാനത്തിലേക്ക് വീഴും. ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ അധികനികുതിയും തുടര്‍ന്നുണ്ടായ വ്യാപാരപ്പോരുമാണ് തിരിച്ചടിയാവുക. ആഗോള സമ്പദ്‌വളര്‍ച്ച ഈവര്‍ഷം 3.7 ശതമാനമായിരിക്കും. നേരത്തേ വിലയിരുത്തിയ വളര്‍ച്ചയേക്കാള്‍ 0.2 ശതമാനം കുറവാണിത്.