തീര്‍ത്ഥാടന സര്‍ക്യൂട്ടിന് 99.90 കോടി; കേന്ദ്രസര്‍ക്കാരിന് ശിവഗിരിയില്‍  അനുമോദനം

ശിവഗിരി: ശ്രീനാരായണഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടിന് 99.90 കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാരിനെ മഹാസമാധി നവതി ആചരണകമ്മിറ്റി യോഗം അഭിനന്ദിച്ചു. ശിവഗിരിമഠം, കുന്നുംപാറക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം എന്നിവയുടെ വികസനത്തിനാണ് പ്രധാനമായും കേന്ദ്ര ടൂറിസം വകുപ്പ് തുക അനുവദിച്ചത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശിവഗിരി സന്ദര്‍ശിച്ചപ്പോള്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, നവതി ആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ, എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ നല്‍കിയ നിവേദനത്തിന്റെയും പ്രോജക്ടിന്റെയും അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള സംഘം നവതി ആചരണത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ ചെന്നപ്പോള്‍ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അതിനായി പ്രധാനമന്ത്രി നിര്‍ദ്ദേശവും നല്‍കി.