ഭിലായ് സ്റ്റീല്‍ പ്ലാന്റ് സ്‌ഫോടനം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം

റായ്പുര്‍: ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. കേന്ദ്ര ഉരുക്കു സഹമന്ത്രി ചൗധരി ബിരേന്ദര്‍ സിംഗ് ആണ് നഷ്ടപരിഹാരതുക പ്രഖ്യാപിച്ചത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 15 ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കും.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ചട്ടപ്രകാരം 33 ലക്ഷം രൂപ മുതല്‍ 90 ലക്ഷം രൂപവരെയുള്ള നഷ്ടപരിഹാര തുക ലഭിക്കും. മന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയ്ക്കു പുറമെയാണിത്. മരിച്ചവരുടെ അടുത്ത ബന്ധുവിന് ജോലി നല്‍കാനും ബിരുദതലം വരെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ ഇതുവരെ 11 പേരാണ് മരിച്ചത്. പൊള്ളലേറ്റ് പത്തു പേര്‍ ഇപ്പോഴും ഭിലായ് സ്റ്റീല്‍ പ്ലാന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മന്ത്രി ബുധനാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും മന്ത്രി സന്ദര്‍ശിച്ചു. പ്ലാന്റിലെ വാതക പൈപ്പ്‌ലൈനിലാണു സ്‌ഫോടനമുണ്ടായത്. സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതാണു ഭിലായ് സ്റ്റീല്‍ പ്ലാന്റ്. റായ്പുരില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണു പ്ലാന്റ്. ഇന്ത്യന്‍ റെയില്‍ വേക്ക് ലോകോത്തര നിലവാരമുള്ള പാളങ്ങള്‍ നിര്‍മിച്ചു നല്കുന്നതു ഭിലായ് സ്റ്റീല്‍ പ്ലാന്റാണ്.