ഇറാന്‍ സൈന്യത്തെ പുറത്താക്കിയില്ലെങ്കില്‍  സിറിയക്ക് ഒരു ചില്ലിപൈസ നല്‍കില്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: സിറിയയില്‍നിന്നും ഇറാന്‍ സൈന്യത്തെ പൂര്‍ണമായും പുറത്താക്കിയില്ലെങ്കില്‍ സഹായം നല്‍കില്ലെന്ന് അമേരിക്ക.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം നല്‍കില്ലെന്നാണ് അമേരിക്കന്‍ ഭീഷണി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ആണ് ഇക്കാര്യം പറഞ്ഞത്. ഇറാന്‍ പിന്തുണയുള്ള സൈന്യത്തെ സിറിയ പുറത്താക്കിയില്ലെങ്കില്‍ യുഎസില്‍നിന്ന് ഒരു ഡോളര്‍പോലും ലഭിക്കില്ല. സിറിയയില്‍ ഐഎസിനെതിരായ യുദ്ധം തുടരുമെങ്കിലും ഇറാനെ മാറ്റിനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിറയയില്‍നിന്നും റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് പോംപെയോ ആവശ്യപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്.
നേരത്തെ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഭാഗികമായി നീക്കാന്‍ അമേരിക്കയ്ക്ക് രാജ്യാന്തര നീതിന്യായ കോടതി നിര്‍ദേശം നല്‍കിയിരുന്നു. വ്യോമയാന മേഖലയിലും അവശ്യവസ്തുക്കളുടെ കയറ്റുമതി, ഇറക്കുമതി മേഖലകളിലും ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ നീക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ആണവായുധ നിരായുധീകരണത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നാണ് ഇറാന് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനെ ലോകരാജ്യങ്ങളില്‍നിന്നും ഒറ്റപ്പെടുത്താനാണ് അമേരിക്കന്‍ ശ്രമം.