കാപ്പാട് ബീച്ചിന് ബ്ലൂ ഫ്‌ളാഗ്: ബോധവത്കരണ ക്ലാസ് നടത്തി

kappad

കോഴിക്കോട്: കാപ്പാട് ബീച്ചിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്ലൂ ഫളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്ന ക്ലാസ് കളക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ലോകം മുഴുവന്‍ അറിയപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റിലൂടെ ലഭ്യമാകുക. ബീച്ച് ടൂറിസത്തില്‍ വെള്ളത്തിന്റെ ഗുണനിലവാരം വളരെ പ്രധാനമാണ്. ബീച്ച് നല്ല രീതിയില്‍ പരിപാലിക്കുന്നതില്‍ തദ്ദേശ വാസികളുടെ പങ്ക് വളരെ വലുതാണ്. ധൈര്യമായി വെള്ളത്തിലിറങ്ങി കുളിക്കാന്‍ കഴിയുന്ന തരത്തില്‍ സംരക്ഷിക്കപ്പെടണം. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനവുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. എട്ട് കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കാപ്പാട് ബീച്ച് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷനു വേണ്ടി പരിഗണിക്കുന്ന കേരളത്തിലെ ആദ്യ ബീച്ചാണ്. ഇന്ത്യയില്‍ പതിനാല് ബീച്ചുകളാണ് പരിഗണനയിലുള്ളത്. സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകുന്നതോടെ കാപ്പാട് ലോക ടൂറിസം ഭൂപടത്തിലിടം പിടിക്കുമെന്നും ബീച്ചിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം പതിന്‍മടങ്ങാകുമെന്നും കലക്ടര്‍ പറഞ്ഞു. അന്താരാഷ്ടനിലവാരത്തിലേക്ക് കാപ്പാട് ബീച്ചിനെ കൊണ്ടുവരുന്നതിനും കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനും ബീച്ച് എണ്‍വയേണ്‍മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് സര്‍വീസസ് രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയായിരിക്കും ബീച്ചിന്റെ നിലവാരമുയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. കേന്ദ്ര പരിസ്ഥിതി വകുപ്പിലെ സഞ്ജയ് ജാല ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ വാസികള്‍ക്കും ക്ലാസെടുത്തു.