കേരളം മയക്കുമരുന്ന് കയറ്റിഅയയ്ക്കല്‍ കേന്ദ്രമാകുന്നു: ഋഷിരാജ് സിംഗ്

singh

കൊച്ചി: വിദേശ രാജ്യങ്ങളിലേക്കു മയക്കുമരുന്നുകള്‍ കയറ്റി അയയ്ക്കാനുള്ള കേന്ദ്രമായി കേരളം മാറികൊണ്ടിരിക്കുകയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സംസ്ഥാനത്തേക്കു നിരന്തരമായി നിരോധിത ലഹരിവസ്തുക്കള്‍ എത്തുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മയക്കുമരുന്നുകള്‍ കയറ്റി അയയ്ക്കുന്നുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കൊച്ചിയിലെ എക്‌സൈസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ഉന്നതതല യോഗം ഒന്നിലധികം തവണ ചേര്‍ന്നു മയക്കുമരുന്നുകളുടെ വരവ് തടയാനുള്ള പ്രതിരോധ മാര്‍ഗം ചര്‍ച്ചചെയ്തു. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ സംയുക്തമായി കടലിലും ചെക്ക്‌പോസ്റ്റുകളിലും അന്തര്‍ സംസ്ഥാന ബസുകളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണെന്നും എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി. രണ്ടു വര്‍ഷത്തിനിടെ 700 കോടിയുടെ മയക്കുമരുന്നാണു സംസ്ഥാനത്തിന്റെ വിവിധ ‘ാഗങ്ങളില്‍നിന്നു പിടിച്ചെടുത്തത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പാലക്കാട്ടുനിന്ന് 40 കോടിയുടെയും രണ്ട് മാസം മുമ്പ് തിരുവനന്തപുരത്തുനിന്ന് 20 കോടിയുടെയും ഹാഷിഷും ഏപ്രില്‍, മേയ് മാസങ്ങളില്‍ കൊച്ചിയില്‍നിന്ന് 35 കോടിയുടെയും ആറു മാസം മുമ്പ് നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.500 കിലോഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. മയക്കുമരുന്നുകള്‍ വിമാനത്തിലുള്‍പ്പെടെ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയില്‍നിന്ന് അറസ്റ്റിലായ പ്രശാന്ത്കുമാര്‍ 200 കോടിയുടെ എംഡിഎംഎ മലേഷ്യയിലേക്കു കടത്താന്‍ ശ്രമിച്ചതു കൊച്ചി വഴിയാണ്. ചെന്നൈയില്‍നിന്നു നേരിട്ടു മലേഷ്യയിലേക്ക് അയയ്ക്കാതെ കൊച്ചി വഴി അയച്ചതിന്റെ കാരണം ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകൂയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു മയക്കുമരുന്നിന്റെ ഉപയോഗം കൂടിയിട്ടുണ്ടെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, മയക്കുമരുന്ന് സംഘങ്ങളെ പിടികൂടാനും കഴിയുന്നുണ്ട്. 2015ല്‍ 900 കേസുകളാണു മയക്കുമരുന്നുമായി ബന്ധപ്പെട്ട് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2017ല്‍ 3,000 ആയി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.