ഇന്ത്യ പിന്തുടരുന്നതു സ്വതന്ത്ര നയം: കരസേനാ മേധാവി

ന്യൂഡല്‍ഹി: ഇന്ത്യ സ്വതന്ത്രമായ നയങ്ങളാണ് പിന്തുടരുന്നതെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. റഷ്യയില്‍നിന്ന്എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ നിന്നു ഉപരോധമുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടിനിടെയാണ് കരസേനാ മേധാവിയുടെ പ്രതികരണം. റഷ്യയില്‍നിന്നു കമോവ് ഹെലികോപ്റ്ററുകളും ആയുധസംവിധാനങ്ങളും വാങ്ങുന്ന കരാറുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം പറഞ്ഞു.
എസ്400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യയില്‍നിന്നു വാങ്ങാന്‍ ഇന്ത്യ വെള്ളിയാഴ്ചയാണ് കരാറില്‍ ഒപ്പിട്ടത്. ഈ ഇടപാട് അമേരിക്കിയുടെ ഉപരോധത്തിനു കാരണമായേക്കുമെന്നും സംശയമുണ്ട്. റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രാജ്യത്തിന് കൗണ്ടറിംഗ് അമേരിക്കന്‍ ആക്ടിവിറ്റീസ് ത്രു സാംക്ഷന്‍സ് ആക്ട് (സിഎഎടിഎസ്എ) വഴി അമേരിക്ക ഉപരോധമേര്‍പ്പെടുത്തുന്നുണ്ട്. റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്കു മേല്‍ ഈ ഉപരോധമുണ്ട്. ഇന്ത്യറഷ്യ സഹകരണം വര്‍ധിപ്പിക്കുമെന്ന് ആറു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനുശേഷം മടങ്ങിയെത്തിയ കരസേനാ മേധാവി പറഞ്ഞു.