മിഠായിത്തെരുവിലെ വാഹനപ്രവേശനം : ജനഹിതമറിയാന്‍ സര്‍വേ നടത്തും

mittaayitheruv

കോഴിക്കോട്: മിഠായിത്തെരുവില്‍ വാഹനഗതാഗതം അനുവദിക്കുന്നത് സംബന്ധിച്ച് ജനാഭിപ്രായം ആരായാന്‍ ഐഐഎമ്മിന്റെ നേതൃത്വത്തില്‍ അഭിപ്രായ സര്‍വേ നടത്തും. മിഠായിത്തെരുവിലെ ഗതാഗതം സംബന്ധിച്ച് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ വ്യാപാര സംഘടന നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സര്‍വേ ഫലം ലഭിച്ചാല്‍ വ്യാപാരി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. രാത്രി 11 മുതല്‍ രാവിലെ ഒമ്പത് വരെയായി ഗതാഗതം നിജപ്പെടുത്തുമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ചെറിയ ഗുഡ്‌സ് വാഹനങ്ങള്‍ക്ക് സാധനം എത്തിക്കുന്നതിന് സര്‍വീസ് നടത്താം. അനുമതി ലഭിച്ച തെരുവു കച്ചവടക്കാര്‍ക്ക് അടയാളപ്പെടുത്തിയ നിശ്ചിത ഭാഗത്ത് കച്ചവടം നടത്താം. എന്നാല്‍ എസ്‌കെ സ്‌ക്വയറിന് സമീപം കച്ചവടം അനുവദിക്കില്ല. മിഠായിത്തെരുവില്‍ കലാകാരന്മാര്‍ക്ക് വിലക്കുണ്ടാവില്ലെന്ന് മേയര്‍ അറിയിച്ചു. ഗതാഗത തടസവും തിരക്കും ഉണ്ടാകാത്ത തരത്തില്‍ വാരാന്ത്യങ്ങളില്‍ ചെറിയ പരിപാടികള്‍ നടത്താം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ എട്ട് വരെയാണ് പരിപാടികള്‍ക്ക് സമയം അനുവദിക്കുക. തെരുവില്‍ വേസ്റ്റ് ബിന്‍ ഉപയോഗം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും വ്യാപാരികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മേയര്‍ പറഞ്ഞു. കളക്ടര്‍ യു.വി. ജോസ്, റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ എ.വി. അബ്ദുള്‍ മാലിക്, തഹസില്‍ദാര്‍ ഇ. അനിതകുമാരി, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എം. ടോണി, സൗത്ത് എസിപി അബ്ദുള്‍ റസാഖ്, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ്. ഗോപകുമാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജയന്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.