ഇന്ത്യയില്‍ ശിശുമരണനിരക്ക് വന്‍തോതില്‍ കുറഞ്ഞു, ആരോഗ്യ മേഖലയുടെ നേട്ടം വെളിപ്പെടുത്തി യു.എന്‍. റിപ്പോര്‍ട്ട്

UN_logo.png

ന്യൂഡല്‍ഹി: ശിശുമരണ നിരക്കിന്റെ ചീത്തപ്പേരില്‍ നിന്നും ഇന്ത്യ കരകയറുന്നു. ഐക്യരാഷ്ട്രസഭയുടെ ഭാഗമായ ലോക ആരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ശിശുമരണ നിരക്ക് വളരെ കുറഞ്ഞ വര്‍ഷമാണ് കഴിഞ്ഞ് പോയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ലക്ഷത്തോളം കുറവാണ് രാജ്യത്ത് ശിശുമരണ നിരക്കില്‍ സംഭവിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രണ്ടായിരത്തി പതിനേഴില്‍ പത്ത് ലക്ഷമായിരുന്നു ശിശുമരണനിരക്ക് , ഇത് 802,000 ആയിട്ടാണ് കുറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛഭാരത് അടക്കമുള്ള പദ്ധതികള്‍ ഫലംകാണുന്നതിന്റെ സൂചനയാണിത്. സുരക്ഷിതമായ കുടിവെള്ള വിതരണം, ശൗചാലയനിര്‍മ്മിതി, സോപ്പ്‌കൊണ്ടുള്ള കൈകഴുകല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നു. അത് പോലെ നവജാത ശിശുവിന് വാക്‌സിനുകള്‍ നല്‍കേണ്ട ആവശ്യത്തെപറ്റിയും നിരവധി ബോധവത്കരണ പരിപാടികള്‍ രാജ്യമെമ്പാടും സംഘടിപ്പിച്ചിരുന്നു.