ഞാന്‍, മെസിക്കും റൊണാള്‍ഡോയ്ക്കും തുല്യന്‍’:ഗ്രീസ്മാന്‍

ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിക്കും യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും തുല്യനാണ് താനെന്ന് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ആന്‍ത്വാന്‍ ഗ്രീസ്മാന്‍.
ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓറിന് താന്‍ അര്‍ഹനാണെന്നും താരം പറഞ്ഞു. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനുള്ള അന്തിമ ലിസ്റ്റില്‍നിന്നും താനടക്കമുള്ള ഫ്രഞ്ച് താരങ്ങളെ ഒഴിവാക്കിയതിനെതിരേ ഗ്രീസ്മന്‍ രംഗത്തു വന്നിരുന്നു. ലോകകപ്പും ക്ലബ്ബിനൊപ്പം മറ്റു നേട്ടങ്ങളും സ്വന്തമാക്കിയ ഗ്രീസ്മന്‍, എംബാപ്പെ, വരാനെ എന്നിവര്‍ അവസാന മൂന്നില്‍ എത്തിയില്ല. പകരം റൊണാള്‍ഡോ, മോഡ്രിച്ച്, സല എന്നിവരാണ് ഇടംപിടിച്ചത്.
ഇനിയും മൂന്നു മാസം ബാലണ്‍ ഡി ഓറിനായി ബാക്കിയുള്ളതുകൊണ്ട് അതു നേടാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്ന് ഗ്രീസ്മാന്‍ പറഞ്ഞു. ഒരു സീസണില്‍ അന്പതോളം ഗോളുകള്‍ നേടാന്‍ കഴിയുന്ന മെസി, റൊണാള്‍ഡോ, എംബാപ്പെ എന്നിവരില്‍നിന്നും വ്യത്യസ്തമായി മുന്നേറ്റത്തില്‍ കൂടുതല്‍ സഹായിക്കുകയാണ് തന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.