ഉന്നതവിദ്യാഭ്യാസരംഗം പൊളിച്ചെഴുതണം: സ്പീക്കര്‍

P_sree_ramakrishnan

കോഴിക്കോട്: സര്‍ക്കാര്‍ സ്‌കൂളുകളെക്കുറിച്ചും വിദ്യാഭ്യാസ രീതികളെക്കുറിച്ചുമുള്ള പൊതുധാരണകളെ തകര്‍ക്കുന്ന കരുത്തുറ്റ സാമാന്യ വിദ്യാഭ്യാസമാണ് ആവശ്യമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം അടിമുടി പൊളിച്ചെഴുതണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവൂരില്‍ ഗവ എച്ച്.എസ്.എസ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ പ്രിസം പദ്ധതിയില്‍ നടപ്പാക്കുന്ന മള്‍ട്ടി പര്‍പ്പസ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍.
സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് വിദ്യാഭ്യാസ മേഖലയിലാണ്, എന്നാല്‍ നിക്ഷേപിക്കുന്നതിന് തുല്യമായ ഫലം കിട്ടുന്നില്ലെന്ന അവസ്ഥയുണ്ട്. ഇതിനായി സാമാന്യവിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ മികച്ച ഉന്നതവിദ്യാഭ്യാസ സൗകര്യവും ലഭ്യമാക്കേണ്ടതുണ്ട്. യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സമയം പോക്കുന്നവരാണെന്ന ആക്ഷേപമാണ് നിലനിന്നിരുന്നത്. എന്നാല്‍ യുവത്വത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയ സന്ദര്‍ഭമാണ് ഇക്കഴിഞ്ഞ പ്രളയകാലത്തുണ്ടായത്. സമൂഹമാധ്യമങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം തന്നെ മികച്ച കണ്‍ട്രോള്‍ റൂമുകളാക്കി സജീവമായി പ്രവര്‍ത്തിപ്പിക്കാന്‍ യുവാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
അടിസ്ഥാന സൗകര്യം ഒരുക്കിയത് കൊണ്ട് മാത്രം അന്താരാഷ്ട്ര നിലവാരം നേടി എന്ന് പറയാനാകില്ലെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച എ. പ്രദീപ് കുമാര്‍ എം.എല്‍.എ പറഞ്ഞു.
അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയ കുട്ടികളുമായി നമ്മുടെ കുട്ടികള്‍ക്ക് മത്സരിക്കാനാകണം. എല്ലാവരെയും മുഴുവന്‍ എ പ്ലസ് നേടുന്നവര്‍ ആക്കുകയല്ല മറിച്ച് വിദ്യാര്‍ത്ഥികളിലെ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അതാണ് പ്രിസം മുന്നോട്ട് വെക്കുന്ന ആശയമെന്നും എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ പത്ത് സ്‌കൂളുകള്‍ മികവിന്റെ കാര്യത്തില്‍ പൂര്‍ണതയില്‍ എത്തിക്കുമെന്നും അതിനായുള്ള ഫണ്ട് ലഭ്യമാക്കിയതായും എം.എല്‍.എ അറിയിച്ചു.