ഒരേയൊരു ക്യാപ്റ്റന്‍

captain

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ വില്ലന്‍ സങ്കല്‍പ്പത്തിനു പുതിയ ഭാവം പകര്‍ന്ന ക്യാപ്റ്റന്‍ രാജു,ബോളിവുഡിനുള്ള ദക്ഷിണേന്ത്യന്‍ സിനിമയുടെ മറുപടിയായിരുന്നു.തടിച്ചുരുണ്ട് കൊഴുത്ത വില്ലന്മാരെ കണ്ട മലയാളം, തമിഴ,് തെലുങ്ക്, കന്നട സിനിമയില്‍ ഒരു ഹിന്ദി നടന്റെ ആകാരത്തോടെ കടന്നുവന്ന ക്യാപറ്റന്‍ രാജു പെെട്ടന്ന് തന്നെ തരംഗമായി.ബോളിവുഡും ഈ നടനെ സ്വീകരിച്ചു.പ്രേംനസീര്‍,മധു എന്നിവര്‍ അഭിനയിച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രമായ രക്തമാണ് ക്യാപ്റ്റന്‍ രാജുവിന്റെ ആദ്യ സിനിമ.21-ാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന രാജു അവിടെ നിന്ന് വിരമിച്ച് കലാരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.ആറടിയിലേറെ പൊക്കവും ഉറച്ച ശരീരവുമുള്ള ക്യാപറ്റന്‍ രാജു പിന്നീടങ്ങോട്ട് മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു.സൂപ്പര്‍ താരങ്ങള്‍ക്ക് ക്യാപ്റ്റന്‍ തന്നെ വില്ലനാകണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന കാലമുണ്ടായിരുന്നു.
എണ്‍പതുകളും തൊണ്ണൂറുകളും ഈ നടന്റെ സുവര്‍ണ്ണ കാലമായിരുന്നു.മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും,സുരേഷ് ഗോപിയുടെയുമെല്ലാം വില്ലനായി തകര്‍ത്ത രാജുവിനെ തമിഴും തെലുങ്കും കൈനീട്ടി സ്വീകരിച്ചു.അക്കാലത്ത് വന്‍ തുക പ്രതിഫലം നല്‍കിയാണ് അവര്‍ ക്യാപ്റ്റന്‍ രാജുവിനെ തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചത്.മലയാളത്തിലെ തിരക്കുകള്‍ പറഞ്ഞൊഴിഞ്ഞുമാറിയ ക്യാപ്റ്റന് അവര്‍ മുന്നോട്ട് വെച്ച പ്രതിഫലം അക്കാലത്ത് തെന്നിന്ത്യയിലെ പല സൂപ്പര്‍ താരങ്ങളും വാങ്ങുന്നതിനേക്കാള്‍ കൂടുതലായിരുന്നു.വില്ലന്‍ വേഷങ്ങളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കും തുടര്‍ന്ന് ഹാസ്യ വേഷങ്ങളിലേക്കും മാറുന്ന ക്യാപറ്റനെ പിന്നീട് പ്രേക്ഷകര്‍ കണ്ടു.ഏതു വേഷങ്ങളും തനിക്കിണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.ഇതില്‍ എടുത്ത് പറയേണ്ടതാണ് സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ്.ദാസനെയും വിജയനെയും വക വരുത്താന്‍ അനന്തന്‍ നമ്പ്യാര്‍ ഏര്‍പ്പാടാക്കിയ പവനായി എന്ന വാടക ഗുണ്ട ക്യാപറ്റന്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.പ്രേക്ഷകരെ ഭയപ്പെടുത്തിയും വെറുപ്പിച്ചും കഴിഞ്ഞ ഒരു നടന്‍ അവരെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ചപ്പോള്‍ അത് ക്യാപ്റ്റന്‍ രാജു എന്ന നടന്റെ പ്രതിഭ’യുടെ അളവുകോലായിരുന്നു.
ഈ സിനിമയിലെ പവനായിയുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ പിന്നീട് മലയാളികളുടെ നിത്യ സംഭാഷണങ്ങളിലെ വാചക കസര്‍ത്തുകളില്‍ ഇടം പിടിച്ചു.സി.ഐ.ഡി മൂസയിലും ഇതിനോട് സാമ്യമായ ഒരു കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.ദിലീപിന്റെ അമ്മാവനായി വരുന്ന പ്രൈവറ്റ് ഡിക്റ്ററ്റീവ് പ്രേക്ഷകരെ രസിപ്പിച്ചു.ആവനാഴിയിലെ സത്യരാജിനെ പോലെ ഓഗസ്റ്റ് ഒന്നിലെ അജ്ഞാതനെ പോലെ പ്രേക്ഷകരെ വിറപ്പിച്ച നടനാണ് പിന്നീട് അവരെ പൊട്ടിച്ചിരിപ്പിച്ചതെന്നോര്‍ക്കണം.അന്ന് അധികം ശ്രദ്ധിക്കപ്പെടാത്ത വിക്രമിനെ( ഇപ്പോഴത്തെ സൂപ്പര്‍ താരം) നായകനാക്കാന്‍ തന്റെ കന്നി സംവിധാന സംരംഭമായ ഇതാ ഒരു സ്‌നേഹഗാഥയില്‍ അദ്ദേഹം ധൈര്യം കാട്ടി.
വിക്രമിന്റെ കഴിവില്‍ ക്യാപ്റ്റന് അന്നേ നല്ല വിശ്വാസമുണ്ടായിരുന്നു.ആദ്യ കാലങ്ങളില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ ക്യാപ്റ്റനെ സംവിധായകര്‍ അനുവദിച്ചിരുന്നില്ല.അദ്ദേഹത്തിന്റെ ശബ്ദം സ്ഫുടതയില്ലെന്നും പ്രേക്ഷകര്‍ക്ക് മനസ്സിലാകില്ലെന്നും പറഞ്ഞാണ് അവര്‍ അങ്ങിനെ ചെയ്തത്.എന്നാല്‍ സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്തും അദ്ദേഹം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി.
തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്നിലും തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു.തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ ഈ മുന്‍ സൈനികന് കഴിഞ്ഞു.പട്ടാള ജീവിതത്തിലെ അച്ചടക്കവും കൃത്യനിഷ്ഠയും നിത്യ ജീവിതത്തില്‍ പാലിക്കാന്‍ ക്യാപ്റ്റന്‍ ശ്രദ്ധിച്ചിരുന്നു.