ബിജു മേനോന് അനുസിതാര നായിക

പടയോട്ടത്തിന് ശേഷം അനു സിതാര വീണ്ടും ബിജു മേനോന്റെ നായികയാകുന്നു. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിജു മേനോനും അനുവും ജോടികളാകുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ച സജീവ് പാഴൂരാണ് തിരക്കഥ രചിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്നാണ് നിര്‍മ്മാണം. ഇവര്‍ തന്നെയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിര്‍മ്മിച്ചത്. ഷൂട്ടിംഗ് ഈ മാസം 20 ന് വടകരയില്‍ തുടങ്ങും. അലന്‍സിയറും അ ജുവര്‍ഗീസുമാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫിയുടെ വിജയത്തിന് ശേഷം അതിന്റെ തെലുങ്ക് പതിപ്പും പ്രജിത്ത് സംവിധാനം ചെയ്തിരുന്നു. അല്ലരി നരേഷും നിഖില വിമലുമാണ് അതില്‍ നായികാനായകന്മാരായത്. അതേസമയം കൈനിറയെ ചിത്രങ്ങളാണ് അനു സിതാരയ്ക്ക് ലഭിക്കുന്നത്. മധുപാല്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍, കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ജോണി ജോണി യെസ് അപ്പാ, സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ ദ ഓസ്‌കര്‍ ഗോസ് ടു , എ.കെ സാജന്‍ ചിത്രം എന്നിവയാണ് അനുവിന്റെ മറ്റു പ്രോജക്ടുകള്‍. മലയാളത്തിലെ തിരക്കുകാരണം വെങ്കിടേഷും നാഗചൈതന്യയും നായകന്മാരാകുന്ന ഒരു വമ്ബന്‍ തെലുങ്ക് പ്രോജക്ടില്‍ നിന്ന് അനുസിതാര പിന്മാറിയിരുന്നു.
ഇപ്പോള്‍ എ.കെ. സാജന്‍ ചിത്രത്തില്‍ അഭിനയിക്കുന്ന അനു നവംബര്‍ ഒന്നിന് സലിം അഹമ്മദ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.