വിധിയില്‍ സന്തോഷം, സി.ബി.ഐ  അന്വേഷിക്കണമെന്നും നമ്പി നാരായണന്‍

nambi

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണന്റെ പ്രതികരണം.
വൈകിയെങ്കിലും നീതി നടപ്പിലായതിലും സന്തോഷമുണ്ട്. നഷ്ടപരിഹാരത്തേക്കാള്‍ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് താന്‍ ശ്രമിച്ചത്. സുപ്രീം കോടതി വിധിച്ചത് പോലെ ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നതിനേക്കാള്‍ സി.ബി.ഐ സംഘം അന്വേഷിക്കുന്നതാണ് ഉചിതം.
ജുഡീഷ്യല്‍ അന്വേഷണത്തിന് സമയക്രമം നിശ്ചയിക്കുന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തിലെ കൂടുതല്‍ പ്രതികരണം കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. കേസില്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ ഗൂഢാലോചനയുണ്ടെന്ന് നമ്പി നാരായണന്‍ ആദ്യം മുതല്‍ തന്നെ ആരോപിച്ചിരുന്നു. അന്താരാഷ്ട്ര ഏജന്‍സികളുടെ പങ്കുള്ളതിനാല്‍ ഇതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യത്തിനായി നിയമ പോരാട്ടം തുടരാന്‍ തന്നെയാണ് നമ്പി നാരായണന്റെ നീക്കമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.