ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് തീരത്തേക്ക്, ആശങ്കയുടെ മുള്‍മുനയില്‍ അമേരിക്ക

florance

വാഷിംഗ്ടണ്‍: അമേരിക്കയുടെ തെക്ക് കിഴക്കന്‍ തീരത്തെ ലക്ഷ്യമാക്കി അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ നീങ്ങുന്ന ശക്തമായ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു. എന്നാല്‍ കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ വീശിയിരുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ വേഗത 165 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതോടെ തീവ്രതയില്‍ കാറ്റഗറി നാലില്‍ നിന്ന് കാറ്റഗറി രണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, കനത്ത മഴയില്‍ കരോലിനയിലും വിര്‍ജീനിയയിലും വെള്ളപ്പൊക്കം രൂക്ഷമായി. നോര്‍ത്ത്, സൗത്ത് കരോളിന, വിര്‍ജീനിയ എന്നിവിടങ്ങളിലെ10 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മുപ്പത് വര്‍ഷത്തിനിടെ കരോളിനയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. കരോളിനകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നാളെവരെ കാറ്റ് ശക്തമായി തുടരുമെന്നും നാളെ ഉച്ചയോടെ പൂര്‍ണമായും കരയിലേക്ക് കയറുന്നതോടെ ശക്തി കുറയുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കരയിലെത്തിയശേഷം ദിശമാറുമോയെന്ന് ആശങ്കയുണ്ട്.
ദുരന്തത്തെ നേരിടാന്‍ അമേരിക്ക തയാറാണെന്നും സാമ്പത്തിക, മാനവവിഭവ ശേഷികള്‍ പരമാവധി ഉപയോഗിക്കുമെന്നും ട്രംപ് അറിയിച്ചു. എന്നാല്‍, കൊടുങ്കാറ്റ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ആണവനിലയങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.1989ല്‍ തെക്ക്, വടക്ക് കരോളിനകളില്‍ കനത്ത നാശമുണ്ടാക്കിയ ഹ്യൂഗോ ചുഴലിക്കാറ്റിനുശേഷമുണ്ടാകുന്ന ഏറ്റവും വലുതാണ് ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്.അന്ന് 61 പേരാണ് മരിച്ചത്.