സൗദിയില്‍ വീണ്ടും സ്വദേശിവത്കരണം, മലയാളികള്‍ക്ക് തിരിച്ചടി

saudi

റിയാദ്: വ്യാപാര മേഖലയിലെ സമഗ്ര സ്വദേശിവത്കരണം ശക്തമായി നടപ്പിലാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത് ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകുന്നു. വസ്ത്രം, പാദരക്ഷകള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളിലാണ് ഈ മാസം 11 മുതല്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയത്. ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് നീക്കം വന്‍ തിരിച്ചടിയാണ്. ഭൂരിഭാഗം പേരും ഇപ്പോള്‍ വ്യാപാരം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനോ അല്ലെങ്കില്‍ പുതിയ ജോലികളിലേക്ക് മാറാനോ ഉള്ള തയ്യാറെടുപ്പിലാണ്.
അതേസമയം, തൊഴില്‍ വകുപ്പും സുരക്ഷാസേനയും പരിശോധന ശക്തമാക്കിയതോടെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിയമ ലംഘകര്‍ക്ക് 20,000 മുതല്‍ 25,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ പകല്‍ സമയത്ത് മിക്കവരും കടകള്‍ തുറക്കുന്നില്ല. എന്നാല്‍ ഹജ്ജ് സീസണ്‍ അവസാനിച്ചിട്ടില്ലാത്തതിനാല്‍ മക്ക, മദീന മേഖലകളില്‍ പരിശോധന ആരംഭിച്ചിട്ടില്ല. ഇവിടെ വ്യാപാരസ്ഥാപനങ്ങളെല്ലാം പഴയ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
സൗദി പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 12 വ്യാപാര മേഖലകളില്‍ സ്വദേശിവത്കരണം ആരംഭിച്ചത്. സ്വദേശികളെ ഈ മേഖലകളിലേക്ക് കൊണ്ടുവരുന്നതിന് പരിശീലനവും സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സൗദി വിഷന്‍ 2030ന്റെ ഭാഗമായ പദ്ധതിയായതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് തിരിച്ചുപോകേണ്ടി വരും. പലരോടും വിസ കാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് പോകാന്‍ സ്‌പോണ്‍സര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വദേശിവത്കരണം മറ്റ് വ്യാപാര മേഖലകളില്‍ കൂടി വ്യാപിച്ചതിനാല്‍ ഇനി പിടിച്ച് നില്‍ക്കാനാവില്ലെന്നാണ് മിക്ക മലയാളികളുടെയും അഭിപ്രായം. ലെവി, വാറ്റ് തുടങ്ങിയവ കൂടി ഏര്‍പ്പെടുത്തിയതോടെ മലയാളിയുടെ സൗദി അറേബ്യന്‍ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. പ്രളയാന്തരം നവകേരളം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നത് കൂടിയാണ് നീക്കം.