കേരളം ഹൃദ്രോഗത്തില്‍ മുന്നിലെന്നു റിപ്പോര്‍ട്ട്

heart

തിരുവനന്തപുരം: ഇന്ത്യയില്‍ ഹൃദയാഘാതം വന്ന രോഗികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തില്‍ ഹൃദയാഘാതത്തിന്റെ തോത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു രണ്ടു മടങ്ങോളം കൂടുതലാണെന്ന് ഡോ. ജീമോന്‍ പന്യാംമാക്കല്‍ (അസിസ്റ്റന്റ് പ്രഫസര്‍, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം) അഭിപ്രായപ്പെട്ടു.
ഈ ആഴ്ചത്തെ ലാന്‍സറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേര്‍ണലില്‍ ഹൃദയസംബന്ധമായ രോഗങ്ങളുടെ ആധിക്യത്തെ തുറന്നുകാട്ടുന്ന ഗവേഷണപ്രബന്ധം അവതരിപ്പിച്ചതിനു നേതൃത്വം നല്‍കിയവരില്‍ പ്രധാനിയാണു ഡോ. ജീമോന്‍.
ഇന്ത്യയില്‍ നൂറില്‍ 29 പേര്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കാരണം മരിക്കുന്നുവെന്നു കണക്കാക്കിയിരിക്കുന്നു. എന്നാല്‍, കേരളത്തില്‍ ഇതിന്റെ തോത് നൂറില്‍ നാല്പതാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഹൃദയാഘാതവും (നൂറില്‍ 26 പേര്‍), പക്ഷാഘാതവും (100 ല്‍ ഒമ്പത് പേര്‍) മൂലമാണ്. കേരളത്തില്‍ ഹൃദയാഘാതംമൂലമുള്ള മരണനിരക്കില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല.
കേരളത്തില്‍ ഒരുവര്‍ഷം ഏതാണ്ട് 63,000 പേര്‍ ഹൃദയാഘാതവും, 22000 പേര്‍ പക്ഷാഘാതവും മൂലം മരിക്കുന്നതായി കരുതുന്നു. മറ്റ് ഹൃദയസംബന്ധമായ രോഗങ്ങള്‍മൂലം ഓരോവര്‍ഷവും പതിനായിരത്തോളം ജീവന്‍ കേരളത്തില്‍തന്നെ നഷ്ടപ്പെടുന്നു.
ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് ഈ രോഗങ്ങള്‍ക്ക് അടിമപ്പെടുത്തുന്നതിനു പ്രധാന കാരണം. ഭക്ഷണശൈലിയിലുള്ള പ്രത്യേകതകളും അമിതമായ രക്തസമ്മര്‍ദവും പുകയിലയുടെ ഉപയോഗവും രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ക്രമാതീതമായി വളരുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നുവെന്ന് ലാന്‍സറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം പറയുന്നു. കേരളത്തില്‍ ഏകദേശം 100 ല്‍ 40 പേര്‍ക്ക് അമിതരക്തസമ്മര്‍ദമോ പ്രമേഹമോ ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. 100 ല്‍ 15 പേര്‍ മാത്രമാണ് അമിതരക്തസമ്മര്‍ദവും പ്രമേഹവും നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ ലക്ഷ്യം കൈവരിക്കുന്നത്. അമിത രക്തസമ്മര്‍ദവും പ്രമേഹവും ഫലവത്തായി നിയന്ത്രിക്കുന്നതിലൂടെ മാത്രം ഹൃദയ രോഗത്തിന്റെ തോത് ഒരുപരിധിവരെ കുറയ്ക്കുവാന്‍ സാധിക്കും. സെപ്റ്റംബര്‍ 29ന് ലോക ഹൃദയാരോഗ്യദിനമായി ആചരിക്കുമ്പോള്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള ചെറിയ ചെറിയ മാറ്റങ്ങളിലേക്കു ശ്രദ്ധ പതിപ്പിക്കാമെന്നു റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.