ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറണ്ട്

Chandrababu_Naidu

അമരാവതി: ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ മഹാരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട്. ഗോദാവരി നദിയോട് ചേര്‍ന്ന് അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെയുള്ള പ്രതിഷേധ സമരവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നായിഡുവിനു പുറമേ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റ് 15 പേര്‍ക്കെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ധന്‍ബാദിലെ ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജില്‌ട്രേറ്റ് കോടതിയാണ്, ബാബ്‌ലി പദ്ധതിക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിട്ടത്. ഇവരെ അറസ്റ്റ് ചെയ്ത് സെപ്റ്റംബര്‍ 21ന് മുന്‍പാകെ കോടതിയില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്. നേരത്തെ പദ്ധതി ജനങ്ങളെ ബാധിക്കുമെന്ന ചൂണ്ടിക്കാട്ടിയാണ് നായിഡുവിന്റെ നേതൃത്വത്തില്‍ അന്ന് സമരം നടത്തിയത്ത്. സമരക്കാരെ പോലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. നായിഡുവിനു പുറമേ ആന്ധ്ര ജലവിഭവവകുപ്പു മന്ത്രി ദേവിനേനി ഉമാമഹേശ്വര റാവു, സാമൂഹ്യ ക്ഷേമമന്ത്രി എന്‍. ആനന്ദ് ബാബു, മുന്‍ എംഎല്‍എ ജി.കമലാകര്‍ തുടങ്ങിയവര്‍ക്കെതിരെയും അറസ്റ്റ് വാറണ്ടുണ്ട്.