മലയാള സിനിമാ മേഖല വീണ്ടും സജീവമാകുന്നു

film shooting

പ്രളയം സൃഷ്ടിച്ച അപ്രതീക്ഷിത പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമ കരകയറുന്നു. 14 ചിത്രങ്ങളുടെ ഷൂട്ടിംഗാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്നത്. പ്രളയം കാരണം പുതിയ സിനിമകളുടെ റിലീസും ഷൂട്ടിംഗും നിറുത്തി വച്ചിരിക്കുകയായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന മധുരരാജയുടെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. നെല്‍സണ്‍ ഐപ്പാണ് നിര്‍മ്മാണം. പൃഥ്വിരാജ് മെഗാസ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. 20 വരെ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍ കുട്ടിക്കാനം, മുംബയ്, ലണ്ടന്‍ എന്നിവിടങ്ങളാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന് തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്രോയ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു.
ദിലീപ് ബി. ഉണ്ണിക്കൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഒറ്റപ്പാലമാണ്. വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മംമ്തയും പ്രിയ ആനന്ദുമാണ് നായികമാര്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാന്‍ പ്രകാശന്റെ ലൊക്കേഷന്‍ എറണാകുളമാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന ഈ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നിഖിലാ വിമലാണ് നായിക. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മ്മാണം.
നിവിന്‍ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിന്റെ ഷൂട്ടിംഗ് എറണാകുളത്ത് നടക്കുന്നു. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. ജയറാം നായകനാകുന്ന ലോനപ്പന്റെ മാമ്മോദീസയുടെ ലൊക്കേഷന്‍ അങ്കമാലിയാണ്. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സാണ്. അന്നാ രാജനും കനിഹയുമാണ് നായികമാര്‍. ലാല്‍ജോസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന തട്ടുംപുറത്ത് അച്യുതന്റെ പ്രധാന ലൊക്കേഷന്‍ തൃശൂരിലെ പെരുമ്പിലാവാണ്. എം. സിന്ധുരാജിന്റേതാണ് തിരക്കഥ. ഷെബിന്‍ ബെക്കര്‍ നിര്‍മ്മിക്കുന്ന ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യും. അതേസമയം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന മറ്റൊരു ചിത്രമായ അള്ള് രാമേന്ദ്രന്‍ തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്നു. കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് തുടങ്ങി. ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേര്‍ന്നാണ് നിര്‍മ്മാണം. വിജയ്ബാബു, വി.കെ. ബൈജു, ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എറണാകുളത്ത് പുരോഗമിക്കുന്നു.