മല്യ രാജ്യം വിടുന്നതു തടയണമെന്ന് എസ്ബിഐ  നിയമോപദേശം നല്‍കിയിരുന്നു: ദുഷ്യന്ത് ദവെ

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യ രാജ്യം വിടുന്നതിനു നാല് ദിവസം മുമ്പ് മല്യക്കെതിരായി സുപ്രീം കോടതിയെ സമീപിക്കാന്‍ എസ്ബിഐക്ക് നിയമോപദേശം ലഭിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് വെളിപ്പെടുത്തല്‍. മല്യ രാജ്യംവിടാതിരിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനു ഏറ്റവും അധികം വായ്പ നല്‍കിയിട്ടുള്ള എസ്ബിക്ക് നിയമോപദേശം ലഭിരുന്നെന്നും ഇതില്‍ നടപടി ഉണ്ടായില്ലെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.എസ്ബിഐ മാനേജ്‌മെന്റിനു ഇതുസംബന്ധിച്ച് 2016 ഫെബ്രുവരി 28 ന് ആണ് നിയമോപദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച നടന്നത്. തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിച്ച് മല്യ രാജ്യം വിടുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്ന് അറിയിച്ചു. എസ്ബിഐ ചെയര്‍പേഴ്‌സണിനും സര്‍ക്കാരിലെ ഉന്നതര്‍ക്കും ഈ കൂടിക്കാഴ്ചയെക്കുറിച്ചും നിയമോപദേശം സ്വീകരിച്ചതായും അറിവുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആരും നടപടി സ്വീകരിച്ചില്ല ദവെ പറഞ്ഞു.
ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ എസ്ബിഐ മുന്‍ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ തയാറായില്ല. ദവെ എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തിനറിയാം. താന്‍ ഇപ്പോള്‍ എസ്ബിഐയില്‍ അല്ല. പ്രതികരണത്തിനായി നിലവിലെ എസ്ബിഐ മാനേജ്‌മെന്റിനെ സമീപിക്കണമെന്ന് അവര്‍ പറഞ്ഞു.