അധിക ഇന്ധനനികുതി വേണ്ടെന്നു വയ്ക്കണം: കെ.എം. മാണി

തിരുവനന്തപുരം: അധികമായി കിട്ടുന്ന ഇന്ധനനികുതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടെന്നു വയ്ക്കണമെന്ന് മുന്‍ ധനമന്ത്രി കെ.എം. മാണി ആവശ്യപ്പെട്ടു. ഇന്ധനവിലക്കയറ്റം ജനങ്ങള്‍ അറിയുന്ന ഒരു യാഥാര്‍ഥ്യമാണ്. ഇതിനെതിരെ ദേശീയ ഹര്‍ത്താല്‍ വന്‍വിജയമായിരുന്നു. എന്നാല്‍, അതുകഴിഞ്ഞ് കേന്ദ്ര സംസ്ഥാന ധനമന്ത്രിമാര്‍ നടത്തിയ പ്രസ്താവനകള്‍ ദുരൂഹത സൃഷ്ടിച്ചിരിക്കുകയാണെന്ന് മാണി പറഞ്ഞു.
ഇതുകൂടാതെ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ പിരിക്കുന്ന ബേസിക് എക്‌സൈസ് ഡ്യൂട്ടിയുടെ 42 ശതമാനം തിരികെ ലഭിക്കും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയായ എട്ടു രൂപയില്‍ സെന്‍ട്രല്‍ റോഡ് ഫണ്ടിലേക്കുള്ള വിഹിതം സംസ്ഥാന നാഷണല്‍ ഹൈവേ മെയ്ന്റനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ തിരികെ നല്‍കുന്നുണ്ട്. ഇങ്ങനെ കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷം ആകെ 1,062 കോടി രൂപ കേരളത്തിന് റോഡു ഫണ്ടില്‍ നിന്നു ലഭിച്ചിട്ടുണ്ടെന്ന് മാണി പറഞ്ഞു. പെട്രോളിനു ചുമത്തുന്ന നികുതിയുടെ സിംഹഭാഗവും സംസ്ഥാനങ്ങള്‍ക്കാണു ലഭിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ചുമത്തുന്ന അധിക നികുതി വേണ്ടെന്നു വച്ചാല്‍ തന്നെ ജനങ്ങള്‍ക്ക് ലിറ്ററിന് ഏഴു രൂപയുടെ ആശ്വാസം ലഭിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ അധിക ഇന്ധന നികുതി വേണ്ടെന്ന് വച്ചിരുന്നതു മാണി ചൂണ്ടിക്കാട്ടി. അതിന്റെ ഗുണം ജനങ്ങള്‍ക്കു ലഭിച്ചു. അന്നു വരുത്തിയ കുറവു പോലും ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കു കിട്ടുന്നില്ല: മാണി ചൂണ്ടിക്കാട്ടി.