ഡല്‍ഹി സര്‍വകലാശാലയിലെ ഇവിഎം മെഷീനുകള്‍  തങ്ങളുടേതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎം മെഷീനുകള്‍ തങ്ങള്‍ നല്‍കിയതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വകലാശാല അധികൃതര്‍ സ്വകാര്യമായി സമ്പാദിച്ചതാവും ഇവിഎം മെഷീനുകള്‍. ഇവിഎമ്മികള്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞു.
വ്യാജ വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചെന്നാരോപിച്ച് വിവാദം ഉണ്ടായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്. വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ വോട്ടെണ്ണല്‍ ഒരുമണിക്കൂറോളം തടസപ്പെട്ടു.
പിന്നീട് പ്രശ്‌നം പരിഹരിക്കപ്പെട്ട ശേഷമാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍വകലാശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന്റെ തിരക്കിനു ശേഷം അവര്‍ ഇത് സമര്‍പ്പിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.