മല്യയുടെ പ്രസ്താവന ആയുധമാക്കി  പ്രതിപക്ഷം; ബി.ജെ.പിക്ക് തലവേദന

55

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പില്‍ നാടുവിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് പ്രതിപക്ഷം. മല്യ വിദേശത്തേക്ക് കടക്കുന്നത് തടയാമായിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ഇക്കാര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് ജയ്റ്റ്‌ലിയുടെ വാദം. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മല്യയും പ്രതികരിച്ചിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച കേസിന്റെ വിചാരണക്കിടെയാണ് മല്യ ജയ്റ്റ്‌ലിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ജനീവയില്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് യാത്രതിരിച്ചത്. ഇതിന് മുമ്പ് ബാങ്ക് വായ്പാതുക തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് അരുണ്‍ ജയ്റ്റ്‌ലിയെ സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ ലണ്ടനിലേക്ക് പോകുന്നുവെന്നും ജയ്റ്റ്‌ലിയോട് പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ജയ്റ്റ്‌ലി ഉടന്‍ തന്നെ രംഗത്തെത്തി. 2004ന് ശേഷം താന്‍ മല്യയെ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെ തന്റെ വാക്കുകള്‍ മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്ന വാദവുമായി മല്യയും രംഗത്തെത്തി. മുന്‍നിശ്ചയിച്ച പ്രകാരമുള്ള യോഗമല്ല ജയ്റ്റ്‌ലിയുമായി നടന്നത്. ആകസ്മികമായി അദ്ദേഹത്തെ കണ്ടതാണ്. എന്നാല്‍ താന്‍ ലണ്ടനിലേക്ക് പോകുന്ന കാര്യം ജയ്റ്റ്‌ലിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം, വന്‍കിട കുറ്റവാളികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ തെളിഞ്ഞതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മല്യയുടെ ആരോപണം കേന്ദ്രസര്‍ക്കാരിനെതിരെ ആയുധമായി ഉപയോഗിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. വിഷയത്തില്‍ അടിയന്തര അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജയ്റ്റ്‌ലി ധനമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.