ജിയോ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ക്ക് ട്രായിയുടെ പിഴ

trai

ന്യൂഡല്‍ഹി: നിര്‍ദേശിച്ച നെറ്റ്‌വര്‍ക്ക് ക്വാളിറ്റി ഇല്ലാത്തതിനാല്‍ രാജ്യത്തെ പ്രധാന ടെലികോം കമ്പനികള്‍ക്ക് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പിഴയിട്ടു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്കാണ് മാര്‍ച്ച് ത്രൈമാസത്തില്‍ ട്രായ് നിര്‍ദേശിച്ച സേവന നിബന്ധനകള്‍ പാലിക്കാത്തതിന് പിഴയിട്ടത്.
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം 34 ലക്ഷം രൂപ, ഭാരതി എയര്‍ടെല്‍ 11 ലക്ഷം രൂപ, ഐഡിയ സെല്ലുലാര്‍ 12.5 ലക്ഷം രൂപ, വോഡഫോണ്‍ ഇന്ത്യ നാലു ലക്ഷം രൂപ എന്നിങ്ങനെയാണ് പിഴ. കസ്റ്റമര്‍ കെയര്‍ സെന്ററുകളുടെ സുതാര്യത, ഉപയോക്താക്കളുടെ സംശയദുരീകരണം, മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോള്‍ കണക്ഷന്‍ എന്നിവയിലുണ്ടായ വീഴ്ചയ്ക്കാണ് ജിയോ പിഴയൊടുക്കേണ്ടത്. 21 ദിവസത്തിനുള്ളില്‍ വിശദീകരണം നല്കാനും ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്.