ആധാര്‍ നിരീക്ഷണ പദ്ധതി: കേന്ദ്രം സത്യവാങ്മൂലം നല്‍കും

Aadhaar-Card

ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള പദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാണെന്ന് കേന്ദ്രം. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു. ആധാറുമായി ബന്ധപ്പെട്ട സമൂഹമാദ്ധ്യമ ചര്‍ച്ചകളും മറ്റും നിരീക്ഷിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ക്ഷണിച്ച് ഏകീകൃത തിരിച്ചറിയില്‍ അതോറിറ്റി ടെണ്ടര്‍ നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ മൊഹുവ മൊയിത്രയാണ് സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു. നേരത്തെ സോഷ്യല്‍മീഡിയ നിരീക്ഷണത്തിന് ഹബ്ബുകള്‍ രൂപീകരിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്‍മാറിയതായി കേന്ദ്രം അറിയിച്ചതും കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.