രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇനി മുതല്‍ നോട്ടയില്ല

voting

ന്യൂഡല്‍ഹി: രാജ്യസഭാ, സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗണ്‍സല്‍ തെരഞ്ഞെടുപ്പുകളില്‍ ഇനി മുതല്‍ നോട്ട ഉണ്ടാവില്ല. നോട്ട ബട്ടണ്‍ ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ലോക്‌സഭാ, നിയസമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രമാവും നോട്ട തുടരുക. രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗണ്‍സല്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. നോട്ടയുടെ കോളം ബാലറ്റ് പേപ്പറുകളില്‍നിന്ന് നീക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നേരിട്ടുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാത്രം നോട്ട ഉപയോഗിച്ചാല്‍ മതിയെന്നും രാജ്യസഭാ തെരഞ്ഞെടുപ്പ് പോലുള്ള പരോക്ഷ തെരഞ്ഞെടുപ്പുകളില്‍ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ഷൈലേഷ് മനുഭായി പര്‍മാറുടെ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.